അവാർഡ് പ്രഖ്യാപനം നടത്തുന്ന പ്രതിഭ ഭാരവാഹികൾ
മനാമ: ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025' രാജ്മോഹന്‍ നീലേശ്വരത്തിന്. അദ്ദേഹത്തിന്റെ തീമാടന്‍ എന്ന രചനക്കാണ് പുരസ്‌കാരം. 2021ൽ ഭഗവാന്റെ പള്ളി നായാട്ട് എന്ന രചനയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് ബഹ്റൈൻ പ്രതിഭ പ്രഥമ നാടക അവാർഡിന് അർഹനായത്. തുടർന്നുള്ള വർഷങ്ങളിൽ ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന രചനയിലൂടെ സതീഷ്.കെ. സതീഷ്, റിയലി സോറി ഇതൊരു ഷേക്സ്പിയര്‍ നാടകം അല്ല എന്ന കൃതിയിലൂടെ ഡോ. ചന്ദ്രദാസ് എന്നിവര്‍ പുരസ്‌കാര ജേതാക്കളായി.
പ്രശസ്ത നാടകപ്രവർത്തകനും എഴുത്തുകാരനും ചിത്രകാരനുമായ ഡോ. സാം കുട്ടി പട്ടംകരിയാണ് ജൂറി ചെയർമാന്‍. ലഭിച്ച 27 രചനകളിൽ നിന്നാണ് തീമാടന്‍ അവാർഡിനർഹമായത്. 2024 ൽ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലിക രചനകളെയാണ് അവാർഡിനായി പരിഗണിച്ചത്. ഇരുപത്തിയയ്യായിരം രൂപയും വെങ്കലശില്പവുമടങ്ങിയതാണ് അവാർഡ്.
പുരസ്ക്കാരത്തിനായി കൃതികൾ അയച്ച് തന്ന് സഹകരിച്ച സ്ഥിര പ്രതിഷ്ഠരും നവാഗതരുമായ മുഴുവൻ നാടക കൃത്തുക്കളെയും അഭിനന്ദിക്കുന്നുവെന്നും ഇനിയും തങ്ങളുടെ മികച്ച നാടക രചനകളുമായി പ്രതിഭ നാടക അവാർഡുമായി കൂടുതൽ നാടകപ്രവർത്തകർ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിഭ ഭാരവാഹികൾ അറിയിച്ചു. പുരസ്‌കാര സമർപ്പണ തീയതി പിന്നീട് അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി വി.കെ സുലേഷ്, പ്രസിഡന്‍റ് മഹേഷ് കെ.വി, മുഖ്യ രക്ഷാധികാരി ബിനു മണ്ണില്‍, രക്ഷാധികാരി സമിതി അംഗം എൻ.കെ.വീരമണി, കേന്ദ്ര കമ്മിറ്റി അംഗം മിജോഷ് മൊറാഴ, നാടക വേദി കൺവീനറുടെ ചുമതല വഹിക്കുന്ന രാജേഷ് തലായി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.