ഭരണാധികാരികളോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ദാർ അൽ ഷിഫ
മെഡിക്കൽ സെന്റർ സംഘടിപ്പിച്ച പരിപാടി
മനാമ: ബഹ്‌റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയോടും രാജ്യത്തോടുമുള്ള കൂറും വിശ്വസ്തതയും പിന്തുണയും അറിയിക്കുന്നതിനായി ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ വിപുലമായ വിശ്വസ്തതാ പ്രതിജ്ഞ ഒപ്പുശേഖരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹിദ്ദിലെ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ സ്വദേശികളും വിദേശികളുമായ ജീവനക്കാർ ആവേശപൂർവം പങ്കെടുത്തു.
ആരോഗ്യരംഗത്ത് സേവനം ചെയ്യുന്ന ജീവനക്കാർ ഒരുമിച്ച് ചേർന്ന് രാജ്യത്തിന്റെ വികസനയാത്രയിൽ ഭരണാധികാരികളുടെ നേതൃത്വത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുകയും ബഹ്‌റൈനിന്റെ സുരക്ഷ, സമാധാനം, ഐക്യം, സാമ്പത്തിക പുരോഗതി എന്നിവയ്ക്കായി തുടരുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ദാർ അൽ-ഷിഫ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി, ഹമദ് രാജാവിന്‍റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ബഹ്‌റൈൻ വിവിധ മേഖലകളിൽ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളിൽ അഭിമാനിക്കുന്നതായി പറഞ്ഞു.
ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തിക വൈവിധ്യവൽക്കരണം തുടങ്ങിയ മേഖലകളിൽ രാജ്യം നേടിയ മുന്നേറ്റങ്ങൾ ഭരണനേതൃത്വത്തിന്റെ ദൂരദർശിത്വത്തിന്റെയും ജനക്ഷേമ പ്രതിബദ്ധതയുടെയും തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പുരോഗതിക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള എല്ലാ ദേശീയ സംരംഭങ്ങൾക്കും ദാർ അൽ-ഷിഫ ഗ്രൂപ്പിന്റെ പൂർണ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറൽ മാനേജർ ഷമീർ പൊട്ടച്ചോല, മാർക്കറ്റിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് മുഹമ്മദ് റജുൽ, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദലി, ഐ.ടി മാനേജർ ഷജീർ മൊഴിക്കൽ, എച്ച്.ആർ അസിസ്റ്റന്റ് ഇഷ മറിയം, പ്രൊക്യൂർമെന്റ് മാനേജർ നൗഫൽ, റിസപ്ഷൻ ഹെഡ് ഫാത്തിമ അസ്ഹർ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ വിശ്വസ്തതാ പ്രതിജ്ഞയിൽ ഒപ്പുവെച്ചു.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാർ തുടങ്ങി വിവിധ ഡിപ്പാർട്ട്മെന്റുകളിലെ പ്രതിനിധികളും പരിപാടിയിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.