‘ഒരുമ’ സൗഹൃദ സംഗമത്തിൽനിന്ന്
മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ വനിത വിഭാഗം ‘ഒരുമ’ എന്ന പേരിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. സിഞ്ചിലെ ഫ്രണ്ട്സ് ആസ്ഥാനത്ത് നടന്ന പരിപാടി ഗായികയും നർത്തകിയുമായ സ്നേഹ ബാലൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കുവാനുമുള്ള സമയം കണ്ടെത്തണമെന്ന് അവർ പറഞ്ഞു.
അതിലൂടെയാണ് സാമൂഹികമായ മുന്നേറ്റം നടത്തുവാൻ സാധിക്കുക. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ചു മുതലെടുക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഒരുമിച്ചിരിക്കൽ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. എല്ലാ തിന്മകൾക്കെതിരെയും നമുക്ക് ഒറ്റക്കെട്ടായി നിലകൊള്ളാൻ സാധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
അസ്റ അബ്ദുല്ലയുടെ പ്രാർഥന ഗീതത്തോടെ തുടങ്ങിയ പരിപാടിയിൽ ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അധ്യക്ഷതവഹിച്ചു. എഴുത്തുകാരി ഉമ്മു അമ്മാർ ചടങ്ങിൽ സ്നേഹസന്ദേശം നൽകി. ‘സ്ത്രീകളും മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ ഡോ. ശബാന സുനീർ ക്ലാസെടുത്തു. ഫാത്തിമ ഫിദ, അസ്ര, തമന്ന ഹാരിസ്, സബീന കാദർ, മിൻഹ നിയാസ്, നസ്രീൻ, ആയിഷ സഹ്റ എന്നിവർ ഗാനമാലപിച്ചു. വൈഗ, ഫർഹ, ഹാല ബതൂൽ എന്നിവർ നൃത്തം അവതരിപ്പിച്ചു.
സിഞ്ച്, മനാമ യൂനിറ്റുകളുടെ നാടൻപാട്ട്, ഗുദൈബിയ യൂനിറ്റിന്റെ മുട്ടിപ്പാട്ട്, മനാമ യൂനിറ്റ് അവതരിപ്പിച്ച ‘കാത്തിരുന്ന നിക്കാഹ്’ ലഘുനാടകം തുടങ്ങിയ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഏരിയ വൈസ് പ്രസിഡന്റ് നദീറ ഷാജി സ്വാഗതവും സർഗവേദി കൺവീനർ ഷഹീന നൗമൽ നന്ദിയും പറഞ്ഞു. സെക്രട്ടറി സൽമ ഫാത്തിമ സലീം, മെഹറ മൊയ്ദീൻ, ബുഷ്റ ഹമീദ്, സൈഫുന്നിസ, റസീന അക്ബർ, സുആദ ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.