മനാമ: ഈ വർഷത്തെ സി.ബി.എസ്.ഇ പരീക്ഷയിൽ പങ്കെടുക്കുന്ന 12ാം ക്ലാസ് വിദ്യാർഥികൾക്കായി ഇന്ത്യൻ സ്കൂൾ വെർച്വൽ പരീക്ഷ ഓറിയേൻറഷൻ സെഷൻ നടത്തി. ബോർഡ് പരീക്ഷ നടത്താനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും പരീക്ഷയുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.
തത്സമയ സെഷനിൽ രക്ഷിതാക്കളും വിദ്യാർഥികളും സംശയങ്ങൾ ചോദിച്ചു. സ്കൂൾ അധികൃതർ സംശയനിവാരണം നടത്തി. ഡോ. ബാബു രാമചന്ദ്രൻ ജനറൽ കൗൺസലിങ് സെഷന് നേതൃത്വം നൽകി. വിദ്യാർഥികളിലെ മാനസികാരോഗ്യത്തിെൻറ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ബോർഡ് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകി. വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ പഠന സമയം വിനിയോഗിക്കുന്നതിനും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും വേണ്ട നിദേശങ്ങൾ നൽകി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ സി.ബി.എസ്.ഇ പരീക്ഷകൾ സുഗമമായി നടത്താനുള്ള ക്രമീകരണങ്ങളെക്കുറിച്ച് സംസാരിച്ചു. സെക്രട്ടറി സജി ആൻറണി നന്ദി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കുള്ള ഓറിയേൻറഷൻ സെഷൻ മാർച്ച് 21ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.