ഫിൻടെക് മേഖലയിലെ നിക്ഷേപം മൂന്ന് മടങ്ങാക്കാൻ ബഹ്‌റൈൻ സെൻട്രൽ ബാങ്ക്

മനാമ: സാമ്പത്തിക സാങ്കേതികവിദ്യയിലെ നിക്ഷേപം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് മടങ്ങാക്കി വർധിപ്പിക്കനൊരുങ്ങി മേഖലയിലെ സാമ്പത്തിക ഹബ്ബായ ബഹ്‌റൈൻ സെൻട്രൽ ബാങ്ക് (സി.ബി.ബി).

എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടന്ന 'ഫിൻടെക് ഫോർവേഡ് 2026' നാലാം പതിപ്പിലാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ പ്രമുഖ മന്ത്രിമാരും റഗുലേറ്റർമാരും വ്യവസായ പ്രമുഖരും പങ്കെടുത്ത സമ്മേളനം സാമ്പത്തിക, ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു.

ലോകമെമ്പാടും മൊബൈൽ ഫോൺ ഉപയോഗം ഉയർന്നതാണെങ്കിലും 1.3 ബില്യൺ ആളുകൾ ഇപ്പോഴും ബാങ്കിംഗ് സേവനങ്ങൾക്ക് പുറത്താണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഡിജിറ്റൽ സാമ്പത്തിക വിടവ് നികത്താൻ അന്താരാഷ്ട്ര സഹകരണം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ 60-ലധികം പുതിയ പങ്കാളിത്ത കരാറുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സൂപ്പർവൈസറി സാങ്കേതികവിദ്യയുടെയും സഹായത്തോടെ വളർച്ചയും സാമ്പത്തിക സ്ഥിരതയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്ന് സമ്മേളനത്തിൽ സംസാരിച്ച ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ഹുമൈദാൻ ചൂണ്ടിക്കാട്ടി. നിലവിൽ ബഹ്‌റൈന്റെ ജിഡിപിയുടെ 20 ശതമാനത്തോളം ധനകാര്യ മേഖലയുടെ സംഭാവനയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കൂടുതൽ വൈവിധ്യവത്കരിക്കപ്പെടുമ്പോഴും അടുത്ത ദശകത്തിൽ ഈ വിഹിതം മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ സാമ്പത്തിക മേഖലയിലെ തൊഴിലാളികളിൽ 70 ശതമാനത്തോളവും പ്രാദേശിക കഴിവുള്ളവരാണെന്ന് സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ സാമ്പത്തിക വികസന ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നൂർ അൽ ഖുലൈഫ് മാധ്യമങ്ങളോട് പറഞ്ഞു. ആഗോള വിപണിയിലെ മാറ്റങ്ങളോട് ബഹ്‌റൈൻ വേഗത്തിൽ പൊരുത്തപ്പെടുന്നുണ്ടെന്നും വിദേശ നിക്ഷേപകർ രാജ്യത്തെ ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ നിക്ഷേപ കേന്ദ്രമായി കാണുന്നുവെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - Bahrain Central Bank to triple fintech investments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.