431 ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ സ്വന്തമായി നിർമ്മിച്ചു; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി ബഹ്റൈൻ മലയാളി

മനാമ: ഏറ്റവും കൂടുതൽ ഡി.ഐ.വൈ ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ സ്വന്തമായി നിർമ്മിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി ബഹ്‌റൈൻ പ്രവാസിയായ ബ്ലെയ്സി ബിജോയ്. തൃശൂർ വലപ്പാട് സ്വദേശിയായ ബ്ലെയ്സി ഈ അഭിമാനനേട്ടം കൈവരിച്ചത്.

ലഭ്യമായ സാധാരണ സാമഗ്രികളും മറ്റും ഉപയോഗിച്ച് അതിമനോഹരമായ 431 കരകൗശല വസ്തുക്കളാണ് ബ്ലെയ്സി നിർമ്മിച്ചെടുത്തത്. ത്രീഡി പേപ്പർ ആർട്ട്, ഒറിഗാമി, ക്രംബിൾഡ് പേപ്പർ ക്രാഫ്റ്റ്, ബോഹോ ആർട്ട്, എഗ്ഗ്‌ഷെൽ ഡീകോപേജ് ആർട്ട്, പഫി ആർട്ട്, ടിഷ്യു പേപ്പർ ടെക്‌സ്ചർ ആർട്ട്, ഇല്ല്യൂഷൻ ആർട്ട്, സെന്റാങ്കിൾ ആർട്ട്, ഡോട്ട് മണ്ഡല ആർട്ട് തുടങ്ങിയ വൈവിധ്യമാർന്ന കലാസൃഷ്ടികൾ ഇതിൽ ഉൾപ്പെടുന്നു. വർണ്ണക്കടലാസുകൾ, കാർഡ്‌ബോർഡുകൾ, വിവിധ പാഴ് വസ്തുക്കൾ എന്നിവയാണ് ഇവയുടെ നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചത്.

കഴിഞ്ഞ 16 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായ ബ്ലെയ്സിക്ക് സ്‌കൂൾ പഠനകാലത്ത് പിതാവിൽ നിന്നാണ് ക്രാഫ്റ്റ് നിർമ്മാണത്തിലെ ആദ്യപാഠങ്ങൾ ലഭിക്കുന്നത്. പിന്നീട് ഈ മേഖലയിൽ കൂടുതൽ പരിശീലിക്കുകയും ക്രാഫ്റ്റ് നിർമ്മാണം ജീവിതത്തിന്റെ ഭാഗമാക്കുകയുമായിരുന്നു. നിലവിൽ ബഹ്‌റൈൻ ന്യൂ ഹൊറൈസൺ സ്‌കൂളിൽ കിൻഡർഗാർട്ടൻ അധ്യാപികയായി സേവനമനുഷ്ഠിക്കയാണ് ബ്ലെയ്സി.

2016 മുതൽ ക്രാഫ്റ്റ് നിർമ്മാണ രംഗത്ത് സജീവമായിരുന്നെങ്കിലും 2020-ഓടെയാണ് 'ബ്ലെയ്സ് ക്രിയേഷൻസ്' എന്ന ഇൻസ്റ്റാഗ്രാം, യൂട്യൂബ് ചാനലുകളിലൂടെ സ്വന്തം സൃഷ്ടികൾ പൊതുജനങ്ങളിലേക്ക് എത്തിച്ചു തുടങ്ങിയത്. ബഹ്‌റൈനിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന ബിജോയ് ആണ് ഭർത്താവ്. രണ്ട് മക്കളുണ്ട്.

Tags:    
News Summary - Bahrain Malayali enters India Book of Records for 431 crafts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.