കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ബിൽ പുനഃപരിശോധിക്കണം; ബഹ്‌റൈൻ സർക്കാർ

മനാമ: ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ പുതിയ കരട് നിയമത്തിൽ കൂടുതൽ വ്യക്തതയും പുനഃപരിശോധനയും ആവശ്യപ്പെട്ട് ബഹ്‌റൈൻ സർക്കാർ. നിലവിലെ രൂപത്തിൽ നിയമം പാസാക്കുന്നത് പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നതിനും, നിലവിലുള്ള നിയമങ്ങളുമായി പരസ്പര വിരുദ്ധത ഉണ്ടാകുന്നതിനും ഇടയാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പാർലമെന്റിലേക്ക് അയച്ച കരട് നിയമം നിലവിൽ പഠനത്തിനായി സർവീസ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ശൂറ കൗൺസിൽ സമർപ്പിച്ച ബില്ലിൽ, രാജ്യത്തെ കുട്ടികളുടെ സംരക്ഷണ നിയമത്തിൽ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്ന പ്രത്യേക അധ്യായം ഉൾപ്പെടുത്താനാണ് നിർദ്ദേശിച്ചിരുന്നത്.

15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോ ഉപയോഗിച്ച് അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് പൂർണ്ണമായി നിരോധിക്കുക എന്നതാണ് ബില്ലിലെ പ്രധാന നിർദ്ദേശം. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രായം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തണം. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ആവശ്യമായ പ്രൈവസി സെറ്റിംഗ്സുകൾ നൽകാനും, കുട്ടികളുടെ ഉപയോഗം നിരീക്ഷിക്കാനും ഉപയോഗ സമയം നിയന്ത്രിക്കാനുമുള്ള ചുമതല മാതാപിതാക്കൾക്ക് നൽകാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

എന്നാൽ സർക്കാർ ചില ആശങ്ങകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രായം പരിശോധിക്കുന്നതിന്റെ പേരിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും വ്യക്തിഗത വിവരങ്ങൾ അമിതമായി ശേഖരിക്കാൻ ഇടയുണ്ട്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കും വിവര കൈമാറ്റ രഹസ്യസ്വഭാവത്തിനും എതിരാവാം.

മിക്ക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നവയാണ്. അതിരുകൾ കടന്നുള്ള ഇത്തരം സേവനങ്ങൾക്ക് മേൽ പ്രാദേശിക നിയമങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നതിൽ വ്യക്തതയില്ല. കൂടാതെ, പഠനാവശ്യങ്ങൾക്കും മറ്റും ഇന്റർനെറ്റ് അത്യന്താപേക്ഷിതമായ സാഹചര്യത്തിൽ 15 വയസ്സിന് താഴെയുള്ളവർക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും സർക്കാർ വ്യക്തമാക്കി.

സൈബർ ക്രൈം ലോ, പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ലോ, ടെലികമ്മ്യൂണിക്കേഷൻ റഗുലേഷൻ ലോ, ചൈൽഡ് റിസ്റ്റോറേറ്റീവ് ജസ്റ്റിസ് ലോ എന്നിങ്ങനെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന ശക്തമായ നിയമങ്ങൾ നിലവിൽ ബഹ്‌റൈനിലുണ്ട്. പുതിയ നിയമം സമാന്തരമായി കൊണ്ടുവരുന്നത് ആശയക്കുഴപ്പങ്ങൾക്കും ഉദ്യോഗസ്ഥതലത്തിൽ ചുമതലകൾ ഇരട്ടിക്കുന്നതിനും കാരണമാകും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെങ്കിലും, വ്യക്തമായ നിർവ്വചനങ്ങളും നടപ്പാക്കാൻ കഴിയുന്ന നിബന്ധനകളും ഉൾപ്പെടുത്തി കരട് നിയമം സമഗ്രമായി പരിഷ്കരിക്കണമെന്നാണ് സർക്കാറിന്റെ നിലപാട്.

Tags:    
News Summary - Bahrain Urges Social Media Revision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.