മനാമ: തൊഴിലാളികളുടെ സാമൂഹികവും മാനുഷികവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യം ഏറെ മുന്നിലാണെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ. നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ) പ്രസിഡന്റ് അലി അൽ ദേരാസിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചെയർമാൻകൂടിയായ മന്ത്രി. മനുഷ്യക്കടത്ത് തടയുന്നതിലും രാജ്യം കാര്യക്ഷമമായ ശ്രമങ്ങൾ നടത്തുന്നു. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടിനനുസരിച്ചുള്ള തൊഴിൽനയം രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാനുതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അന്തർദേശീയ തൊഴിൽ സംഘടനയുടെ മാനദണ്ഡങ്ങൾക്കനുസൃതമായ തൊഴിൽ നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. സുരക്ഷിതമായ തൊഴിലന്തരീക്ഷം നിലനിർത്താനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി ബഹ്റൈൻ അനുയോജ്യമായ നിയമനിർമാണം പാസാക്കിയതായി അദ്ദേഹം എടുത്തുപറഞ്ഞു.
മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണച്ചതിന് തൊഴിൽ മന്ത്രാലയത്തെയും എൽ.എം.ആർ.എയെയും അൽ ദേരാസി പ്രശംസിച്ചു. തൊഴിലാളികളുടെയും സ്ഥാപന ഉടമകളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നിയമങ്ങളുള്ള രാജ്യമാണ് ബഹ്റൈൻ. രാജ്യത്തിന്റെ പ്രാദേശിക, അന്തർദേശീയ പദവി ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ള എല്ലാ നടപടികൾക്കും എൻ.ഐ.എച്ച്.ആറിന്റെ പിന്തുണ അദ്ദേഹം വാഗ്ദാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.