മനാമ: 13ാമത് മൾട്ടിമില്യനയർ ബിസിനസ് അച്ചീവർ (എം.ബി.എ) പുരസ്കാരം വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യന് സമ്മാനിച്ചു. കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവാണ് പുരസ്കാരം സമ്മാനിച്ചത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ, അജിത് രവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ അവാർഡ് ജേതാക്കളും വ്യവസായ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പുരസ്കാര ജേതാവിന് ലോകത്തിലെ ഏറ്റവും സമ്പന്നരായ മലയാളികളുടെ ക്ലബായ ഫെഡറൽ ഇന്റർനാഷനൽ ചേംബർ ഫോറത്തിൽ (എഫ്.ഐ.സി.എഫ്) പ്രവേശിക്കാനുള്ള അവസരം ലഭിക്കും. ഫെഡറൽ ഇന്റർനാഷനൽ ചേംബർ ഫോറത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി രാജീവ് നിർവഹിച്ചു. പെഗാസസ് ഗ്രൂപ്പും യൂണിക് ടൈംസ് ലൈഫ് സ്റ്റൈൽ മാഗസിസും ചേർന്ന് ഏർപ്പെടുത്തിയതാണ് അവാർഡ്.
1000 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളി വ്യവസായ സംരംഭകരാണ് എഫ്.ഐ.സി.എഫ് ക്ലബിൽ അംഗങ്ങളാകുന്നത്. വി.കെ.എൽ ഹോൾഡിങ്സ്, അൽ നമൽ ഗ്രൂപ് ഓഫ് കമ്പനികളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. വർഗീസ് കുര്യൻ, റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, കൺസ്ട്രക്ഷൻ, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി എന്നീ ബിസിനസ് മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ബിസിനസിനൊപ്പം ജീവകാരുണ്യ രംഗത്തും സജീവമായ ഇദ്ദേഹത്തിന് ഭാരത സർക്കാറിന്റെ 2014ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
വി.പി. നന്ദകുമാർ, ജോയ് ആലുക്കാസ്, എം.എ. യൂസുഫലി, ടി.എസ്. കല്യാണരാമൻ, പി.എൻ.സി. മേനോൻ, ഗോകുലം ഗോപാലൻ, ഡോ. രവി പിള്ള, എം.പി. രാമചന്ദ്രൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സാബു എം. ജേക്കബ്, ഡോ. വിജു ജേക്കബ്, ഡോ. എ.വി. അനൂപ് എന്നിവരാണ് മുൻ അവാർഡ് ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.