പൗരന്മാർക്കും പ്രവാസികൾക്കും പെരുന്നാൾ ആശംസകൾ അറിയിച്ച് ഹമദ് രാജാവ്

മനാമ: രാജകുടുംബാംഗങ്ങൾക്കും വിശിഷ്ടവ്യക്തികൾക്കുമൊപ്പം പാലസിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ. നമസ്കാരത്തിന് ശേഷം നടന്ന പ്രത്യേക പെരുന്നാൾ സന്ദേശത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ ഹജ്‌രിയാണ് ഇത്തവണത്തെ പെരുന്നാൾ പ്രഭാഷണം നിർവഹിച്ചത്.

ഇസ്‌ലാമിലെ ഏറ്റവും സവിശേഷവും പുണ്യവുമുള്ള ദിനങ്ങളിലൊന്നാണ് ബലിപെരുന്നാളെന്ന് ശൈഖ് അൽ ഹജ്‌രി തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ബഹ്‌റൈൻ ഭരണകൂടം നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെയും ത്യാഗങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു.

 

ദേശീയ സുരക്ഷയും ഭരണാധികാരികളോടുള്ള ഐക്യദാർഢ്യവും വിശ്വാസസംരക്ഷണത്തിന്റെയും രാജ്യപുരോഗതിയുടെയും അടിസ്ഥാന തൂണുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ സേവനമനുഷ്ഠിക്കുന്ന ബഹ്‌റൈൻ പ്രതിരോധ-സുരക്ഷാ വിഭാഗങ്ങൾക്ക് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.

നമസ്കാരത്തിന് ശേഷം ചടങ്ങിൽ പങ്കെടുത്ത വിശ്വാസികളുമായി ഹമദ് രാജാവ് പെരുന്നാൾ ആശംസകൾ കൈമാറി. തുടർന്ന് ബഹ്‌റൈനിലെ എല്ലാ ജനങ്ങൾക്കും പ്രവാസികൾക്കും ലോകമെമ്പാടുമുള്ള അറബ്-ഇസ്‌ലാമിക സമൂഹത്തിനും അദ്ദേഹം ഈദ് ആശംസകൾ നേർന്നു. രാജ്യം കൈവരിച്ച സമഗ്രമായ പുരോഗതിയിലും അന്താരാഷ്ട്ര തലത്തിൽ ബഹ്‌റൈൻ നേടിയെടുത്ത ഉന്നതമായ സ്ഥാനത്തിലും തങ്ങൾ അഭിമാനിക്കുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖരും പൊതുജനങ്ങളും രാജാവിനെ നേരിട്ട് അറിയിക്കുകയും പെരുന്നാൾ ആശംസകൾ നേരുകയും ചെയ്തു.

Tags:    
News Summary - King Hamad conveys Eid greetings to citizens and expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.