മനാമ: ഇറാൻ-ഇസ്രായേൽ സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ശക്തമായ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കണമെന്നും സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അഭ്യർഥിച്ചു.ദേശീയ ഐക്യത്തിന്റെയും സാമൂഹിക സ്ഥിരതയുടെയും പ്രാധാന്യം കൗൺസിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ചിന്താപൂർവമായ പെരുമാറ്റവും പൊതു ക്രമം സംരക്ഷിക്കാനുള്ള കൂട്ടായ പ്രതിബദ്ധതയുമുണ്ടാകണം.
ഭിന്നതക്ക് കാരണമാകുന്നതോ പൊതുസമാധാനം തകർക്കുന്നതോ ആയ കിംവദന്തികളിലേക്കോ ആഹ്വാനങ്ങളിലേക്കോ വലിച്ചിഴക്കപ്പെടുന്നത് ദേശീയ ഐക്യത്തിനും സാമൂഹിക സ്ഥിരതക്കും ഭീഷണിയാകും. അപ്രതീക്ഷിത പ്രത്യാഘാതങ്ങളുണ്ടാക്കുന്നതോ ദേശീയ ഐക്യത്തെ അപകടപ്പെടുത്തുന്നതോ ആയ പ്രതിലോമകരമായ പെരുമാറ്റത്തിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം.ഈ നിർണായക സമയത്ത് ഐക്യദാർഢ്യത്തിന്റെയും പരസ്പര ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും സജീവമായ പങ്ക് വഹിക്കാൻ മതനേതാക്കളോടും പ്രസംഗകരോടും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളോടും കൗൺസിൽ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.