ബഹ്റൈന്‍റെ യു.എൻ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അബ്ദുല്ലത്തീഫ് അബ്ദുല്ല
മനാമ: ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ശക്തമായ പ്രമേയം പാസാക്കി. 106 രാജ്യങ്ങളുടെ പിന്തുണയോടെ ബഹ്‌റൈൻ അവതരിപ്പിച്ച കരട് പ്രമേയമാണ് കൗൺസിലിന്റെ 61-ാം സമ്മേളനത്തിൽ ഐകകണ്ഠേന അംഗീകരിച്ചത്.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ പ്രമേയം നിശിതമായി വിമർശിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. സമാധാനപരമായി കഴിയുന്ന രാജ്യങ്ങളെ ആക്രമിക്കുന്നത് ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെയും പ്രാദേശിക സുസ്ഥിരതയെയും ആഗോള വിതരണ ശൃംഖലയെയും ബാധിക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി.
ഈ ആക്രമണങ്ങളുടെ ആഘാതത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറോട് പ്രമേയം ആവശ്യപ്പെട്ടു. യു.എൻ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാൻ ബഹ്‌റൈന് അവകാശമുണ്ടെന്ന് ജനീവയിലെ യു.എൻ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അബ്ദുല്ലത്തീഫ് അബ്ദുല്ല പറഞ്ഞു. ആഭ്യന്തര മന്ത്രാലയവും സിവിൽ ഡിഫൻസും മെഡിക്കൽ വിഭാഗങ്ങളും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവർത്തിത്വത്തിനാണ് ബഹ്‌റൈൻ മുൻഗണന നൽകുന്നതെന്നും എന്നാൽ പൗരന്മാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അംബാസഡർ വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെയും ബഹ്റൈനെ ലക്ഷ്യമിട്ട് ആക്രമണം
മനാമ: വ്യാഴാഴ്ച പുലർച്ചെയും ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം. മുഹറഖ് ഗവർണറേറ്റിലെ ഒരു സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് പ്രദേശത്തുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വിജയകരമായി അണച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
പുകയും മലിനീകരണവും മൂലമുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി ഹിദ്ദ്, അറാദ്, ഗലാലി, സമാഹീജ് പ്രദേശങ്ങളിൽ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ ഈ പ്രദേശങ്ങളിലെ താമസക്കാർ വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരുന്നത്. ആക്രമണണം തുടർന്നത് മുതൽ ഇതുവരെ 154 മിസൈലുകളും 350 ഡ്രോണുകളുമാണ് ബഹ്റൈൻ പ്രതിരോധ സേന വിജയകരമായി തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.