ബഹ്റൈനിലെ ചികിത്സാ പിഴവുകളും ലംഘനങ്ങളും; 360 പരാതികൾ രജിസ്റ്റർ ചെയ്തു
മനാമ: ബഹ്‌റൈനിൽ ചികിത്സാ പിഴവുകളും തൊഴിൽപരമായ ധാർമ്മിക ലംഘനങ്ങളുമായി ബന്ധപ്പെട്ട് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) കഴിഞ്ഞ വർഷം 360 പരാതികൾ പരിശോധിച്ചതായി റിപ്പോർട്ട്. ഇതിൽ 60 ശതമാനത്തിലധികം കേസുകളും സ്വകാര്യ ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും എതിരെയാണെന്ന് അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആകെ ലഭിച്ച പരാതികളിൽ 251 എണ്ണം വ്യക്തിഗത പരാതികളും, 6 എണ്ണം ഇൻസിഡന്റ് റിപ്പോർട്ടുകളും, 103 എണ്ണം നിയമനടപടികൾക്കായി ജുഡീഷ്യൽ അതോറിറ്റികളിൽ നിന്ന് കൈമാറിയവയുമാണ്. പരിശോധിച്ച കേസുകളിൽ 22 ശതമാനത്തിൽ മാത്രമാണ് മെഡിക്കൽ പിഴവുകളോ ലംഘനങ്ങളോ കണ്ടെത്തിയത്. അന്വേഷണം നടന്ന 53 ശതമാനം കേസുകളിലും ചികിത്സാ പിഴവോ പ്രൊഫഷണൽ ലംഘനങ്ങളോ ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ടു.
പരിശോധനകളുടെ അടിസ്ഥാനത്തിൽ നിയമലംഘനം നടത്തിയത് കണ്ടെത്തിയ ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ എൻ.എച്ച്.ആർ.എ ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 9 ഡോക്ടർമാരും 2 ഫാർമസിസ്റ്റുകളും ഉൾപ്പെടെ 11 പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. 3 ഡോക്ടർമാരുടെയും ഒരു ആരോഗ്യ കേന്ദ്രത്തിന്റെയും ലൈസൻസ് റദ്ദാക്കി. 5 ഡോക്ടർമാർക്കും ഒരു ഫാർമസിസ്റ്റിനും ഔദ്യോഗിക മുന്നറിയിപ്പ് നോട്ടീസ് നൽകിയപ്പോൾ 36 സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിഴയും ചുമത്തി. കൂടാതെ എൻ.എച്ച്.ആർ.എ അച്ചടക്ക സമിതി 17 ഡോക്ടർമാർ, 3 ഫാർമസിസ്റ്റുകൾ/ഫാർമസികൾ, 40 ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെയും അന്വേഷണവിധേയമായി നടപടിയെടുത്തു. ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത് ദന്തചികിത്സാ (46) വിഭാഗത്തിലാണ്.
ഗൈനക്കോളജി (23), ഓർത്തോപീഡിക്‌സ് (19), ഇന്റേണൽ മെഡിസിൻ (14), ജനറൽ പ്രാക്ടീസ് (13) എന്നിവയാണ് തൊട്ടുപിന്നിൽ. ഇതിനുപുറമേ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചകളും പരിശോധനയിൽ കണ്ടെത്തി. തത്സമയ പരിശോധനകളിൽ മരുന്നുകളുമായി ബന്ധപ്പെട്ട 111 ലംഘനങ്ങളും, ഇൻഫെക്ഷൻ കൺട്രോൾ ചെയ്യുന്നതിൽ 588 വീഴ്ചകളും, 3,642 പൊതുവായ ലംഘനങ്ങളും രേഖപ്പെടുത്തി. ഇൻഫെക്ഷൻ കൺട്രോളിലെ വീഴ്ചകളിൽ 262 എണ്ണം ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിലും, 326 എണ്ണം മാലിന്യ സംസ്കരണത്തിലുമാണ്. കൃത്യമായ കുടിവെള്ള പരിശോധന നടത്താത്തതും, ഗൈഡ് ബോർഡുകളുടെ അഭാവവും, തീപിടുത്ത സുരക്ഷാ നയങ്ങളിലെ പോരായ്മകളും എൻ.എച്ച്.ആർ.എ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.