ഹമദ് രാജാവ്
ബഹ്റൈനിൽ ജൂൺ1 ഇനി പൊതു അവധി; ‘പ്രതിജ്ഞാ, വിശ്വസ്തത ദിനമായി’ പ്രഖ്യാപിച്ച് ഹമദ് രാജാവ്
മനാമ: രാജാവ് ഹമദ് ബിൻ ഇസാ ആൽ ഖലീഫ രാജാവ് നാഷണൽ അസംബ്ലിയുടെ (ശൂറ-പാർലമെന്റ് കൗൺസിലുകൾ) ആറാം ലെജിസ്ലേറ്റീവിലെ അഞ്ചാം സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാജ്യത്തിന്റെ സുരക്ഷ, വികസനം, അന്താരാഷ്ട്ര ബന്ധങ്ങൾ, പുതിയ പ്രഖ്യാപനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സുപ്രധാനമായ പ്രസംഗമാണ് ഉദ്ഘാടന വേളയിൽ രാജാവ് നടത്തിയത്.
പ്രധാന പ്രഖ്യാപനങ്ങളുടെ ഭാഗമായി, ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ ആദരിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ 1 ‘പ്രതിജ്ഞാ-വിശ്വസ്തത ദിനം’ ആയി ആചരിക്കുമെന്ന് രാജാവ് പ്രഖ്യാപിച്ചു. അന്നേദിവസം ഔദ്യോഗിക പൊതു അവധി കൂടിയായിരിക്കും. കൂടാതെ, പരേതനായ ശൈഖ് ഇസാ ബിൻ സൽമാൻ ആൽ ഖലീഫ രാജ്യത്തിനായി നൽകിയ നിസ്തുല സേവനങ്ങളെ മാനിച്ച് വരുന്ന വർഷം ‘ഇസാ ബിൻ സൽമാൻ വർഷം’ ആയി ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ സുരക്ഷാ വെല്ലുവിളികളെയും ഇറാൻ്റെ ഇടപെടലുകളെയും രാജാവ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ പ്രതിരോധ-സുരക്ഷാ സേനകൾ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. യു.എ.ഇ അടക്കമുള്ള ജി.സി.സി രാജ്യങ്ങളുടെ പിന്തുണയ്ക്കും സഖ്യകക്ഷിയായ അമേരിക്കയുടെ പിന്തുണയ്ക്കും രാജാവ് നന്ദി രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ സമാധാനവും സുരക്ഷയും ലക്ഷ്യമിട്ട് ബഹ്‌റൈന്റെ നേതൃത്വത്തിൽ യു.എൻ രക്ഷാസമിതി പാസാക്കിയ 2817-ാം നമ്പർ പ്രമേയത്തെയും പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ആഭ്യന്തര നയങ്ങളുടെ ഭാഗമായി, സാമ്പത്തിക രംഗത്തെ വളർച്ച, ഡിജിറ്റൽ പരിവർത്തനം, നിക്ഷേപ സൗഹൃദ അന്തരീക്ഷം, ഭക്ഷ്യ-ജല സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിൽ പുതിയ നിയമനിർമ്മാണങ്ങൾ ശക്തമായ പങ്ക് വഹിക്കുമെന്ന് രാജാവ് വ്യക്തമാക്കി. ചടങ്ങിൽ പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം സ്വാഗതം ആശംസിക്കുകയും സർക്കാരിന്റെ സമഗ്ര വികസന പദ്ധതികൾക്ക് പിന്തുണയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.