പഴകിയ പച്ചക്കറികളിൽനിന്ന് ബയോഗ്യാസും ജൈവവളവും; പദ്ധതിയുമായി ബഹ്‌റൈൻ ക്യാപിറ്റൽ ട്രസ്റ്റി ബോർഡ്

മനാമ: ബഹ്‌റൈനിലെ മാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ബാക്കിയാകുന്ന പഴകിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉപയോഗിച്ച് ബയോഗ്യാസും ജൈവവളവും ഉത്പാദിപ്പിക്കാനുള്ള പുതിയ നിർദ്ദേശവുമായി ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് രംഗത്തെത്തി. പഴകിയ പഴങ്ങളും പച്ചക്കറികളും മീഥെയ്ൻ സമ്പുഷ്ടമായ ബയോഗ്യാസാക്കി മാറ്റുന്ന പദ്ധതിയുടെ സാധ്യതാ പഠനം നടത്താൻ മുൻസിപ്പാലിറ്റി കാര്യ കർഷക മന്ത്രാലയത്തോട് കൗൺസിൽ ആവശ്യപ്പെട്ടു. മാലിന്യങ്ങളെ കളയേണ്ട ഒന്നായി കാണാതെ, സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന വിഭവമായി കാണണമെന്ന ചിന്തയാണ് ഇതിന് പിന്നിലെന്ന് സാലിഹ് തറാദ വ്യക്തമാക്കി.

നിർദേശ പ്രകാരം ശേഖരിക്കുന്ന മാലിന്യങ്ങളിൽ നിന്ന് പ്ലാസ്റ്റിക്, സ്റ്റിക്കറുകൾ, ലോഹം, ഗ്ലാസ് എന്നിവ വേർതിരിച്ച ശേഷം പച്ചക്കറികളും പഴങ്ങളും ചെറിയ കഷണങ്ങളാക്കി മാറ്റും. തുടർന്ന് ഇവ ഓക്സിജൻ ഇല്ലാത്ത അന്തരീക്ഷത്തിൽ സൂക്ഷ്മാണുക്കൾ വഴി വിഘടിപ്പിക്കുന്ന 'അനെറോബിക് ഡൈജസ്റ്ററുകളിലേക്ക്' മാറ്റും. ഈ പ്രക്രിയയിലൂടെ മീഥെയ്നും കാർബൺ ഡൈ ഓക്സൈഡും അടങ്ങിയ ബയോഗ്യാസ് ഉത്പാദിക്കപ്പെടും.

ശുദ്ധീകരിച്ചെടുക്കുന്ന മീഥെയ്ൻ ഗ്യാസ് പാചക ആവശ്യങ്ങൾക്കോ, വൈദ്യുതി ഉത്പാദനത്തിനോ ഉപയോഗിക്കാം. കൂടാതെ, ഈ പ്രക്രിയയ്ക്ക് ശേഷം ശേഷിക്കുന്ന അവശിഷ്ടങ്ങൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാൽ സമൃദ്ധമായതിനാൽ മികച്ച ജൈവവളമായും ഉപയോഗിക്കാൻ സാധിക്കും. ഈ പദ്ധതി പ്രായോഗികമായാൽ ബഹ്‌റൈനിലെ ഭക്ഷണ വിപണികൾക്ക് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിൽ വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്ന് ഡോ. ഖുലൂദ് അൽ ഖത്താൻ പറഞ്ഞു.

Tags:    
News Summary - Eco-Friendly Biogas From Market Waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.