എൽ.എം.ആർ.എ സി.ഇ.ഒ നൗഫ് ജംഷീർ

പരിശോധനകൾ തൊഴിൽ തട്ടിപ്പിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകും

മനാമ: രേഖകളില്ലാത്ത അനധികൃത തൊഴിലാളികളെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തിയ പരിശോധനകൾ തൊഴിൽ തട്ടിപ്പിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ സഹായകരമായതായി എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടീവ് നൗഫ് ജംഷീർ പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനും പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുണായാണ് പരിശോധനകളും നടപടികളും. സന്തുലിതവും ന്യായയുക്തവുമായ തൊഴിൽ വിപണി രാജ്യത്ത് നിലനിർത്തുകയാണ് എൽ.എം.ആർ.എയുടെ ലക്ഷ്യം.പ്രവാസി തൊഴിലാളികളുടെ റസിഡൻസി സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി എല്ലാ ദിവസവും അഞ്ച് ഗവർണറേറ്റുകളിലും പരിശോധന തുടരുകയാണ്.ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപിതമായാണ് പ്രവർത്തനം. അനധികൃതമെന്ന് കണ്ടെത്തുന്ന തൊഴിലാളികൾക്ക് നിയമപരമായ മാർഗം കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 21,334 കാമ്പയിനുകളും പരിശോധനകളും നടത്തി. 2,112 അനധികൃത തൊഴിലാളികളെ നാടുകടത്തി. 1,261 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയെന്നും അവർ പറഞ്ഞു. നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത് എന്നിവ കണ്ടെത്തിയ 462 സ്ഥാപനങ്ങളെ നിയമനടപടികൾക്കായി ശിപാർശ ചെയ്തെന്നും അവർ പറഞ്ഞു.

കഴിഞ്ഞവർഷം ആദ്യപാദത്തിൽ 182 അനധികൃത തൊഴിലാളികളെയാണ് നാടുകടത്തിയത്. ഈ വർഷം ആദ്യപാദത്തിൽ 1,093 പേരെ നാടുകടത്തി.

ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ ചേരുന്നതിനും അവരുടെ നിയമപരമായ നില ശരിയാക്കുന്നതിനും ഏറ്റവും കൂടുതൽ യോഗ്യരായ തൊഴിലാളികളുള്ള എംബസികളെ കേന്ദ്രീകരിച്ച് എൽഎംആർഎ നിരവധി സംവേദനാത്മക ബോധവത്കരണ സെഷനുകൾ നടത്തി” അവർ പറഞ്ഞു.

ഫ്ലെക്സി വർക്ക് പെർമിറ്റുകൾക്ക് പകരമായി ലേബർ രജിസ്ട്രേഷൻ പ്രോഗ്രാം കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചിരുന്നു. പ്രവാസികളായ ഫ്ലെക്‌സി പെർമിറ്റ് ഉടമകൾക്ക് പ്രോഗ്രാമിൽ ചേരാമായിരുന്നു. ക്രിമിനൽ കുറ്റം ചെയ്തവരേയോ റെസിഡൻസി ലംഘനങ്ങൾ ഉള്ളവരെയോ, വിസിറ്റ് വിസയിൽ വന്നിട്ട് കൂടുതൽകാലം താമസിക്കുന്നവരെയോ രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിട്ടില്ല.

രജിസ്‌റ്റർ ചെയ്‌ത തൊഴിലാളികൾക്ക്, നിശ്ചിത ഫീസ് അടച്ച ശേഷം, അവരുടെ തൊഴിൽ, പെർമിറ്റിന്റെ സാധുത, ആരോഗ്യ ഇൻഷുറൻസ് വിശദാംശങ്ങൾ തുടങ്ങിയവ ഉൾപ്പെടെ അപ്‌ഡേറ്റ് ചെയ്‌ത ഡേറ്റയോടുകൂടിയ ക്യു.ആർ കോഡ് ഉൾപ്പെടുന്ന വർക്ക് പെർമിറ്റ് കാർഡ് നൽകുന്നുണ്ട്.

Tags:    
News Summary - Inspections will protect workers from employment fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.