ഇന്ത്യൻ സ്‌കൂൾ അസാധാരണ ജനറൽ ബോഡി യോഗം: ദുരൂഹത നിറഞ്ഞതെന്ന് യു.പി.പി
മനാമ: സെപ്റ്റംബർ 25 വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂൾ ഭരണസമിതി വിളിച്ചുചേർത്തിരിക്കുന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ ദുരൂഹതകളും നിക്ഷിപ്ത താൽപ്പര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് യുണൈറ്റഡ് പേരന്റ്സ് പാനൽ (യു.പി.പി) ആരോപിച്ചു. ഒരു കമ്മ്യൂണിറ്റി സ്‌കൂളിനെ സ്വകാര്യവൽക്കരിക്കാനും അതിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന് യു.പി.പി പത്രക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
നിലവിലുള്ള നിയമാവലി പ്രകാരം ഇത്തരം പ്രധാനപ്പെട്ട യോഗങ്ങളെക്കുറിച്ച് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും രക്ഷിതാക്കളെ അറിയിക്കേണ്ടതുണ്ട്. കാലാവധി കഴിയാൻ ഒരു മാസം മാത്രം ബാക്കിയിരിക്കെ, മന്ത്രാലയ നിയമത്തിന്റെ പേരുപറഞ്ഞ് ഭരണസമിതി തലപ്പത്തുള്ളവരുടെ പേരിൽ സ്വന്തമായി സി.ആർ എടുക്കാൻ ധൃതിപിടിച്ച് ശ്രമിക്കുന്നത് സംശയസ്പദമാണ്. വരുന്ന ഒക്ടോബറിൽ പുതിയ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരാനിരിക്കെ, അധികാരത്തിൽ തിരിച്ചെത്താനുള്ള തന്ത്രമായാണ് സ്കൂൾ ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ 12 വർഷമായി ഭരണം നടത്തുന്ന പി.പി.എ പാനലിന് ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനോ സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്താനോ കഴിഞ്ഞിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം തടഞ്ഞുവെക്കുന്ന ഭരണസമിതി, കാലാവധി അവസാനിക്കാറായ ഘട്ടത്തിൽ പുതിയ കെട്ടിട നിർമ്മാണത്തിന് അനുമതി തേടുന്നത് വലിയ ദുഷ്ടലാക്കിന്റെ ഭാഗമാണ്. കൂടാതെ, അധ്യാപകരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്കിടയിൽ നിന്ന് തിരഞ്ഞെടുക്കുന്ന 'സ്റ്റാഫ് പ്രതിനിധി' എന്ന തസ്തിക ഇല്ലാതാക്കാനുള്ള രഹസ്യനീക്കവും നടക്കുന്നുണ്ട്.
ഇത്തരം നിയമ ഭേദഗതികൾ സഭ്യതയ്ക്ക് നിരക്കാത്തതാണെന്നും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഇതിനെ ചെറുത്തുതോൽപ്പിക്കണമെന്നും യു.പി.പി ആവശ്യപ്പെട്ടു.
സ്കൂളിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന നീക്കങ്ങളെ വെള്ളിയാഴ്ച നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ പരമാവധി രക്ഷിതാക്കൾ പങ്കെടുത്തുകൊണ്ട് ജനാധിപത്യപരമായി ചെറുത്തുതോൽപ്പിക്കണമെന്ന് യു.പി.പി വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.