കേണൽ ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രഖ്യാപിച്ച പരിഷ്കരണ പദ്ധതി രാജ്യത്തിന് പുതിയ മുഖം നൽകിയതായി ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. നാഷനൽ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ചെയർമാൻ, തടവുകാരുടെ അവകാശങ്ങൾക്കായുള്ള കമീഷൻ മേധാവി, ഓംബുഡ്സ്മാൻ സെക്രട്ടറി എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മാനുഷിക പരിഷ്കരണ പദ്ധതികൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സേവനങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.
അമേരിക്കൻ കറക്ഷനൽ അസോസിയേഷന്റെ അംഗീകാരം നേടാൻ റിഹാബിലിറ്റേഷൻ സെന്ററിന് സാധ്യമായതും നേട്ടമാണ്. തുറന്ന ജയിൽ, ബദൽ ശിക്ഷ പദ്ധതി എന്നിവ അധികപേരും ഉപയോഗപ്പെടുത്താൻ മുന്നോട്ടുവരുകയും അത് തടവുകാരുടെ സാമൂഹിക ജീവിതത്തിന് ഊടും പാവും നൽകുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തടവുകാർക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് സർക്കാർ ആശുപത്രികളുടെ സന്നദ്ധതയും എടുത്തുപറയേണ്ടതാണ്. തടവുകാരെ സന്ദർശിക്കുന്നതിനുള്ള സമയം വർധിപ്പിക്കുന്നതിനും സന്ദർശകരുടെ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി ഭേദഗതി വരുത്തുന്നതിനുമുള്ള അവലോകനം നടത്തും. പകൽ സമയത്തുള്ള വിശ്രമസമയം വർധിപ്പിക്കുന്നതിനും ഫോൺവിളി സമയം പുനർനിർണയിക്കാനും തീരുമാനമുണ്ട്. തടവുകാരുടെ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 180 പേരെ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് ചേർക്കുകയും ചെയ്തതായി മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.