മനാമ: മനാമ ഗവർണറേറ്റിന്റെ പ്രധാന ടൂറിസം മേഖലകളിലെ ജിമ്മുകളുടെയും സ്പാകളുടെയും പ്രവർത്തനം ഫോർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന നിർദ്ദേശത്തിന് പാർലമെന്റ് ഐകകണ്ഠ്യേന അംഗീകാരം നൽകി. ഹൂറ, ഗുദൈബിയ, സീഫ്, ഡിപ്ലോമാറ്റിക് ഏരിയ, ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബർ എന്നിവ ഉൾപ്പെടുന്ന മണ്ഡലം ഒന്നിലെ ജിം, സ്പാ ലൈസൻസുകൾ പൂർണമായി പുനഃസ്ഥാപിക്കാനാണ് നിർദ്ദേശം ആവശ്യപ്പെടുന്നത്. ജനവാസ മേഖലകളിലെ അനിയന്ത്രിത സലൂണുകളുടെയും ജിമ്മുകളുടെയും പ്രവർത്തനം ട്രാഫിക് തടസ്സത്തിനും പാർക്കിംഗ് പ്രശ്നങ്ങൾക്കും താമസക്കാർക്ക് ബുദ്ധിമുട്ടിനും കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം സമർപ്പിച്ചത്.
പൊതുസേവന, പരിസ്ഥിതികാര്യ സമിതി വൈസ് ചെയർമാൻ മുഹമ്മദ് ജനാഹിയുടെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ അവതരിപ്പിച്ച ഈ അടിയന്തര പ്രമേയം മന്ത്രിസഭയുടെ അവലോകനത്തിനായി കൈമാറി. കൂടാതെ, ഉന്നത നിലവാരമുള്ള ഹോട്ടലുകളിൽ മാത്രം ഈ സേവനങ്ങൾ പരിമിതപ്പെടുത്തുന്നത് സേവനങ്ങളുടെ നിലവാരം ഉയർത്താനും, ബഹ്‌റൈന്റെ ടൂറിസം മത്സരക്ഷമത വർധിപ്പിക്കാനും, ദുരുപയോഗങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് ജനാഹി കൂട്ടിച്ചേർത്തു.
ആരോഗ്യം, പരിസ്ഥിതി, സുരക്ഷാ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.