വ്യവസ്ഥകൾ പാലിക്കാം; പൊല്ലാപ്പൊഴിവാക്കാം

മനാമ: ബഹ്റൈൻ അധികൃതർ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതുമൂലം പ്രവാസികൾ വിമാനത്താവളത്തിലും മറ്റും പ്രശ്നങ്ങൾ നേരിടുന്നത് പതിവാണ്. യാത്ര, വിസ, പാസ്പോർട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അജ്ഞതയും ശ്രദ്ധക്കുറവും കാരണം പ്രയാസങ്ങൾ നേരിടുന്നവരുണ്ട്. മാനസിക സംഘർഷത്തിന് പുറമേ, സാമ്പത്തിക നഷ്ടത്തിനും ഇത് ഇടയാക്കുന്നു. ഈ സാഹചര്യത്തിൽ ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾ നിത്യേനയെന്നോണം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ്. അൽപം ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് മിക്ക പ്രശ്നങ്ങളുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

1. ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്ക് ഇപ്പോൾ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റിവ് റിസൽട്ടോ ആവശ്യമില്ല. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇങ്ങോട്ട് വരാൻ കഴിയും. ആർക്കും ക്വാറന്‍റീൻ ആവശ്യമില്ല.

2. ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന അഞ്ചുവയസ്സിനും അതിന് മുകളിലും പ്രായമുള്ളവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ സർട്ടിഫിക്കറ്റാണ് അംഗീകരിക്കുക. ഈ സർട്ടിഫിക്കറ്റും പാസ്പോർട്ട് കോപ്പിയും എയർ സുവിധയിൽ രജിസ്റ്റർചെയ്ത് അതിന്റെ പ്രിന്‍റൗട്ട് കൈവശം സൂക്ഷിക്കണം.

വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവർ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്ത് പ്രിന്‍റൗട്ട് സൂക്ഷിക്കണം.

3. പാസ്പോർട്ടിൽ റസിഡൻസ് പെർമിറ്റ് സ്റ്റിക്കർ പതിക്കുന്നത് ബഹ്റൈൻ നിർത്തലാക്കിയിരിക്കുകയാണ്. പകരം വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന ക്യു.ആർ കോഡ് പതിച്ച റസിഡൻസ് പെർമിറ്റ് പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കണം. bahrain.bh എന്ന വെബ്സൈറ്റിൽ Residency Services എന്ന വിഭാഗത്തിൽ പോയി ആവശ്യമായ വിവരങ്ങൾ നൽകിയാൽ റസിഡൻസി പെർമിറ്റ് ലഭിക്കും.

4. ബഹ്റൈനിൽ എന്തെങ്കിലും കോടതി കേസ് ഉണ്ടായിരുന്നവർ കേസിൽ വിധി വന്നതിന്റെ ഉത്തരവ് എമിഗ്രേഷനിൽ നൽകി ട്രാവൽ ബാൻ നീക്കണം. ഒരു അഭിഭാഷകൻ മുഖേനയോ ഡോക്യുമെന്‍റ് ക്ലിയറൻസ് ഏജന്‍റ് മുഖേനയോ ഇതിനുള്ള നടപടി സ്വീകരിക്കാവുന്നതാണ്. അല്ലാത്തപക്ഷം, ട്രാവൽ ബാൻ നീക്കിക്കിട്ടാൻ കൂടുതൽ സമയം എടുത്തേക്കും.

5. തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞ് ഓവർസ്റ്റേ ആയവർ വിസയുടെ കാലാവധി നീട്ടിയെടുത്തില്ലെങ്കിൽ നിശ്ചിത ഫീസ് അടക്കേണ്ടി വരും. വിസ കാൻസൽ ചെയ്താൽ തിരികെ പോകാനോ മറ്റൊരു വിസയിലേക്ക് മാറുന്നതിനോ ഒരുമാസത്തെ സാവകാശമാണ് ലഭിക്കുന്നത്. അതിനുള്ളിൽ ആവശ്യമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം, ഒരു ഏജന്‍റ് മുഖേന എമിഗ്രേഷൻ ഓഫീസിൽ നിശ്ചിത ഫീസ് അടച്ചതിനുശേഷമാണ് നാട്ടിൽ പോകാൻ സാധിക്കുക.

(തുടരും)

Tags:    
News Summary - Gulf Malayalees attention at airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.