അൽനൂർ ഇന്റർനാഷനൽ സ്കൂൾ ബ്രിട്ടീഷ് വിഭാഗം ഇരുപത്തിയറാം ബാച്ച് എ ലെവൽ ബിരുദദാന ചടങ്ങ്

പ്രൗഢമായി അൽനൂർ ഇന്റർനാഷനൽ സ്കൂൾ എ ലെവൽ ബിരുദദാന ചടങ്ങ്

മനാമ: മികച്ച കരിയറിലേക്ക് ചുവടുവെക്കുന്ന 78 വിദ്യാർത്ഥികളെ സാക്ഷിയാക്കി അൽനൂർ ഇന്റർനാഷനൽ സ്കൂൾ ബ്രിട്ടീഷ് വിഭാഗം ഇരുപത്തിയറാം ബാച്ച് എ ലെവൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഗൾഫ് ഹോട്ടൽ കോൺഫറൻസ് സെന്ററിൽ നടന്ന ചടങ്ങ്, വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങളുടെയും സന്തോഷം പങ്കുവെക്കലിന്‍റെയും ഒത്തുചേരലായി മാറി. സ്വകാര്യ സ്കൂൾ ലൈസൻസിംഗ് ആൻഡ് മോണിറ്ററിംഗ് ഡയറക്ടർ ലുൽവ ഗസ്സാൻ അൽ മുഹാന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. രാജ്യത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് സ്കൂൾ സ്ഥാപക ചെയർമാൻ അലി ഹസൻ നന്ദി അറിയിച്ചു.

ലോകത്തെ മികച്ച സർവകലാശാലകളിൽ പ്രവേശനം നേടാനും ആഗോളതലത്തിൽ അറിയപ്പെടുന്ന കമ്പനികളിൽ ജോലി ചെയ്യാനും സ്കൂളിലെ ബിരുദധാരികൾക്ക് സാധിക്കുന്നുണ്ടെന്ന് സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് പറഞ്ഞു. വിദ്യാർത്ഥികളുടെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച മാതാപിതാക്കളെയും അധ്യാപകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങളെ പ്രശംസിച്ച സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽ കൂഹേജി, ഭാവിയിൽ അവർക്ക് കൂടുതൽ ഉന്നതിയിലെത്താൻ സാധിക്കട്ടെ എന്ന് ആശംസിച്ചു. ബിരുദധാരികളായ അഹമ്മദ് അബ്ദുൾറഹീം ഇംഗ്ലീഷിലും, മറിയം അലി എ. അൽ സുഹൈൽ, ഒമർ അഹമ്മദ് ജലാൽ എന്നിവർ അറബിയിലും നടത്തിയ പ്രസംഗങ്ങൾ ചടങ്ങിന് മിഴിവേകി. തങ്ങളെ വളർത്തിയെടുത്ത സ്കൂളിനോടുള്ള കടപ്പാട് വിദ്യാർത്ഥികൾ ഹൃദയസ്പർശിയായി പങ്കുവെച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അഭിമാനത്തോടെ എത്തിയ രക്ഷിതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. 

Tags:    
News Summary - Grand Al Noor International School A-Level Graduation Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.