സ്വർണവിലയിൽ ഇടിവ്; ജ്വല്ലറികളിൽ തിരക്ക്

മനാമ: സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവ് ആഭരണങ്ങൾ വാങ്ങാൻ കാത്തുനിന്നവർക്ക് ആഘോഷമായി. വെള്ളിയാഴ്ച ഒരു ഗ്രാമിന് 19.700 ദിനാർ എന്നനിലയിലാണ് ബഹ്റൈനിലെ ജ്വല്ലറികളിൽ വ്യാപാരം നടന്നത്. വൈകുന്നേരമായപ്പോൾ വില 19.900 ദിനാറായി ഉയർന്നു. ആഗോളവിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവാണ് ബഹ്റൈനിലും പ്രതിഫലിച്ചത്.

സമീപകാലത്തുണ്ടായ ഏറ്റവും കുറഞ്ഞ വിലയാണ് വ്യാഴാഴ്ചത്തേതെന്ന് ആഭരണവ്യാപാരികൾ പറയുന്നു. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 20.300 ദിനാർ ആയിരുന്ന സ്വർണവില വൈകുന്നേരമായപ്പോൾ 19.700 ദിനാറായി കുറഞ്ഞു. സ്വർണവില ഇടിഞ്ഞതോടെ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കുംകൂടി. വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

സമീപകാലത്ത് ബഹ്റൈനിലെ ഉയർന്ന സ്വർണവില മേയ് ഒന്നിനാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാമിന് 22.300 ദിനാർ ആയിരുന്നു വില. അമേരിക്കൻ ഡോളർ ശക്തിപ്രാപിക്കുന്നതും യു.എസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തുമെന്ന സൂചനകളുമാണ് മഞ്ഞലോഹത്തിന് തിരിച്ചടിയായത്. കൂടുതൽ പലിശ കിട്ടുന്ന നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ തിരിഞ്ഞത് സ്വർണത്തിന്റെ ആകർഷണീയത കുറച്ചു. ആഗോളവിപണിയിൽ രണ്ട് വർഷത്തെ താഴ്ന്നനിലയിലാണ് സ്വർണവില ഇപ്പോഴുള്ളത്. ഇന്ത്യയിൽ വെള്ളിയാഴ്ച ഒരു പവന് (22 കാരറ്റ്) 36,640 രൂപയായിരുന്നു വില. തലേദിവസത്തേക്കാൾ 320 രൂപയാണ് കുറഞ്ഞത്. 

Tags:    
News Summary - Gold prices fell; Crowded in jewellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.