ജി.സി.സി രാജ്യങ്ങളുടെ തുറമുഖ- കടൽത്തീര സമിതിയുടെ

39-ാമത് യോഗത്തിൽ പങ്കെടുത്തവർ



ജി.സി.സി തുറമുഖ -കടൽത്തീര സമിതി യോഗം

മനാമ: ജി.സി.സി രാജ്യങ്ങളിലെ തുറമുഖ അധികാരികളുടെയും മാരിടൈം അഡ്മിനിസ്ട്രേഷനുകളുടെയും ഉദ്യോഗസ്ഥ സമിതിയുടെ 39ാമത് യോഗം മനാമയിൽ നടന്നു. ജി.സി.സി കൗൺസിലിന്റെ 46ാമത് സെഷന്റെ ബഹ്‌റൈൻ അധ്യക്ഷതയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ തുറമുഖ, സമുദ്രകാര്യ അണ്ടർ സെക്രട്ടറി ബദർ ഹൂദ് അൽ മഹ്മൂദ് അധ്യക്ഷത വഹിച്ചു.

സംയുക്ത ജി.സി.സി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും തുറമുഖ, സമുദ്രമേഖല വികസിപ്പിക്കുന്നതിനുമുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത ബദർ ഹൂദ് അൽ മഹ്മൂദ് എടുത്തുപറഞ്ഞു. മാരിടൈം സെക്ടറിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, വിതരണ ശൃംഖലയുടെ തുടർച്ച ഉറപ്പാക്കുന്നതിനും, ജി.സി.സി തുറമുഖങ്ങളുടെ മത്സരക്ഷമത നിലനിർത്തുന്നതിനും ഏകോപനവും മാനദണ്ഡങ്ങളുടെ ഏകീകരണവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക പരിഹാരങ്ങളും സുസ്ഥിര സംരംഭങ്ങളും സ്വീകരിക്കുന്നതും ജി.സി.സി രാജ്യങ്ങൾക്കിടയിലെ സമുദ്ര നാവിഗേഷന്റെയും ഗതാഗതത്തിന്റെയും കാര്യക്ഷമത വർധിപ്പിക്കുന്നതും മാരിടൈം സേവനങ്ങൾ മെച്ചപ്പെടുത്താനും അന്താരാഷ്ട്ര തലത്തിൽ ജി.സി.സി സമുദ്രമേഖലയുടെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിന്റെ അജണ്ടയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ജി.സി.സി ലോജിസ്റ്റിക്സ് സംയോജനം മെച്ചപ്പെടുത്തുക, തുറമുഖ -മാരിടൈം നാവിഗേഷൻ പ്രവർത്തനങ്ങൾ വികസിപ്പിക്കുക, വാണിജ്യ -സമുദ്ര ഗതാഗതം നേരിടുന്ന വെല്ലുവിളികൾ, ഉയർന്ന ഷിപ്പിങ് -ഇൻഷുറൻസ് ചെലവുകൾ എന്നിവ പരിഹരിക്കാനുള്ള വഴികൾ എന്നിവ യോഗത്തിൽ ചർച്ചയായി. കൂടാതെ നാവിഗേഷൻ നിയന്ത്രിക്കുക, കപ്പലുകളുടെയും സമുദ്ര യാനങ്ങളുടെയും ചലനം സുഗമമാക്കുക, സമുദ്ര യൂണിറ്റുകളുടെ ലൈസൻസിങ്ങും പരിശോധനാ നടപടികളും നിയന്ത്രിക്കുന്ന ചട്ടങ്ങൾ ഏകീകരിക്കുക തുടങ്ങിയ വിഷയങ്ങളും അവലോകനം ചെയ്തു.

സമുദ്ര സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുക, ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി.എസ്) കോഡ് നടപ്പാക്കുന്നതിനുള്ള നടപടികൾ ഏകീകരിക്കുക, തുറമുഖങ്ങൾ തമ്മിലുള്ള ഗ്രീൻ കോറിഡോർസ് സംരംഭം, സാങ്കേതിക ബദലുകൾ മെച്ചപ്പെടുത്തൽ, അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനുമായുള്ള (ഐ.എം.ഒ) മുൻഗണനകൾ ഏകോപിപ്പിക്കൽ എന്നിവയും യോഗത്തിൽ പങ്കെടുത്തവർ ചർച്ച ചെയ്തു.

Tags:    
News Summary - GCC Ports and Coastal Committee Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.