കിങ് ഫഹദ് കോസ്‌വേയിൽ യാത്ര ഇനി കൂടുതൽ വേഗത്തിലാകും
മനാമ: ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ വഴിയുള്ള യാത്രാനടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനുള്ള ‘വൺ-സ്റ്റോപ്പ്’ യാത്രാ പദ്ധതി അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബോർഡർ ക്രോസിംഗ് കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ബഹ്റൈൻ-സൗദി കോഓർഡിനേഷൻ കൗൺസിലിന്റെ സെക്യൂരിറ്റി കമ്മിറ്റി യോഗത്തിലാണ് ഈ പുരോഗതി വിലയിരുത്തിയത്.
ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അൽ സഊദ് എന്നിവരുടെ സംയുക്ത അധ്യക്ഷതയിലാണ് വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നത്. സിംഗിൾ പോയിന്റ് പരിശോധനപുതിയ പദ്ധതി പൂർണ്ണമായി പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാർക്ക് ഒറ്റ കേന്ദ്രത്തിൽ വച്ച് തന്നെ മുഴുവൻ യാത്രാ പരിശോധനകളും പൂർത്തിയാക്കാൻ സാധിക്കും. ഇരു അതിർത്തികളിലും ആവർത്തിച്ചുള്ള പാസ്‌പോർട്ട്, കസ്റ്റംസ് പരിശോധനകൾ ഒഴിവാകുന്നത് വഴി അതിർത്തിയിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും വലിയ കരുത്തേകും. പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കാനും നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. ജി.സി.സി രാജ്യങ്ങൾക്കിടയിൽ തടസ്സമില്ലാത്ത യാത്രാ സൗകര്യം ഒരുക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഫെബ്രുവരി 16-ന് ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ പരീക്ഷണത്തിനായി ബഹ്റൈനെയും യു.എ.ഇയെയുമായിരുന്നു തെരഞ്ഞെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.