മനാമ: കോവിഡ്-19 ആണെന്ന് പറഞ്ഞ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ച് ജോലിക്ക് ഹാജരാകാതിരുന്ന കേസിൽ 36 വയസ്സുള്ള ഏഷ്യൻ യുവതിയുടെ അപ്പീൽ ഹരജി ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി പരിഗണനയിൽ. പ്രതിക്കെതിരെ ഒരുവർഷം തടവും 500 ബഹ്റൈൻ ദിനാർ പിഴയും ചുമത്തിയിരുന്നു. ശിക്ഷ പൂർത്തിയാക്കിയശേഷം ഇവരെ നാടുകടത്താനും വ്യാജരേഖ റദ്ദാക്കാനും കോടതി വിധിച്ചിരുന്നു. സെപ്റ്റംബർ 21ന് പ്രതിക്കുവേണ്ടി ഒരു അഭിഭാഷകനെ നിയമിക്കുന്നതിനായി കേസ് മാറ്റിവെച്ചു. ഹരജി പരിഗണിക്കുന്നതിനിടെ സാമ്പത്തിക ബുദ്ധിമുട്ടും മാനസിക സംഘർഷവുമാണ് തട്ടിപ്പിന് പ്രേരിപ്പിച്ചതെന്ന് യുവതി കോടതിയിൽ സമ്മതിച്ചു. ഒരു മാസത്തിലേറെയായി തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും മകളുടെ മരണത്തെത്തുടർന്ന് വിഷാദത്തിലായിരുന്നെന്നും അവർ കോടതിയിൽ പറഞ്ഞു.
ആരോഗ്യ മന്ത്രാലയം നൽകിയ കോവിഡ്-19 ഐസൊലേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചുവെന്നാണ് പ്രോസിക്യൂഷൻ യുവതിക്കെതിരെ ചുമത്തിയ കുറ്റം. ബ്യൂട്ടി സപ്ലൈസ് ഷോപ്പ് ഉടമയായ ബഹ്റൈൻ സ്വദേശിയായ തൊഴിലുടമയ്ക്ക് ഡിസംബർ 23ന് യുവതി അയച്ച വാട്സ്ആപ് സന്ദേശത്തിലൂടെയാണ് കേസിന്റെ തുടക്കം. തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ളതായിരുന്നു സന്ദേശം.
സന്ദേശത്തിൽ പോസിറ്റീവ് പരിശോധനാഫലത്തിന്റെയും ഐസൊലേഷൻ നോട്ടീസിന്റെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. ഈ രേഖകളിൽ സംശയം തോന്നിയ തൊഴിലുടമ ആരോഗ്യ ഹോട്ട്ലൈനിൽ ബന്ധപ്പെടുകയും അവ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.