മനാമ: വീട്ടുവേലക്കാരികളെ എത്തിച്ചുകൊടുക്കുന്നതിന് വ്യാജ റിക്രൂട്ടിങ് ഏജൻസികൾ പ്രവർത്തിക്കുന്നതായി ആരോപണം. ഇത്തരം വലയിലകപ്പെട്ട അഭിഭാഷകനാണ് വിവരം വെളിപ്പെടുത്തിയത്. തഖി ഹുസൈൻ തഖിയാണ് തന്റെ കുടുംബക്കാരിലൊരാൾ വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്ന വ്യാജ ഏജൻസികളുടെ കെണിയിൽപെട്ടതായി അറിയിച്ചത്. ഓഫിസ് സംവിധാനമോ കൊമേഴ്സ്യൽ രജിസ്ട്രേഷനോ ഇല്ലാതെ വീട്ടുവേലക്കാരികളെ എത്തിച്ചുനൽകുന്ന എജൻസികളാണ് പ്രവർത്തിക്കുന്നതെന്നാണ് വിവരം.
വാട്സ്ആപ്പിലൂടെ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടാണ് ഏഷ്യക്കാരിയായ സ്ത്രീയെ വീട്ടുവേലക്കാരിയായി ലഭിക്കുന്നതിന് ആവശ്യപ്പെട്ടത്. ഇതിനായി 1000 ദിനാർ സ്ത്രീക്ക് നൽകുകയും ചെയ്തിരുന്നു. റിക്രൂട്ടിങ് ഏജൻസികൾ സാധാരണ നിലയിൽ 2500 ദിനാറാണ് വാങ്ങുന്നത്. കോവിഡ് ആയതുകാരണം ഒന്നര മാസത്തോളം ഇതിന്റെ നടപടി ക്രമങ്ങൾക്കായി കാത്തിരിക്കേണ്ടിയും വരും.
ഏജൻസിയെന്ന വ്യാജേനയുള്ള സ്ത്രീ മറ്റൊരാളുമായി ബന്ധപ്പെടുത്തുകയും വീട്ടുവേലക്കാരികളുടെ ഫോട്ടോയും വിവരങ്ങളും അയച്ചുകൊടുക്കുകയും ചെയ്തു. അതുപ്രകാരം ഇഷ്ടപ്പെട്ട ഒരു വീട്ടുവേലക്കാരിയെ തിരഞ്ഞെടുക്കുകയും ഏജൻസിക്ക് അയാൾ 500 ദിനാർ നൽകുകയും ചെയ്തു. വേലക്കാരി എത്തുന്നതിന് ഒരു ദിവസം വൈകിയാൽ ദിവസം ഒന്നിന് 10 ദിനാർ വീതം ഒഴിവാക്കി നൽകുമെന്ന കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ, വേലക്കാരിയെ ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്യാതിരുന്നതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതായും തഖി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.