ബഹ്‌റൈനിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന് പുതിയ നിയമം
മനാമ: ബഹ്‌റൈനിൽ ഡ്രോണുകളുടെ ഉപയോഗവും സിവിൽ ഏവിയേഷൻ രംഗവും കൂടുതൽ സുരക്ഷിതമാക്കുന്നതിനായി സമഗ്രമായ പുതിയ നിയമങ്ങൾ നിലവിൽ വന്നു. സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാധികാരമുള്ള പുതിയ സിവിൽ ഏവിയേഷൻ അതോറിറ്റി രൂപീകരിച്ചാണ് രാജ്യത്ത് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ മുൻകൂട്ടിയുള്ള അനുമതിയും ആവശ്യമായ ലൈസൻസും ഇല്ലാതെ ഡ്രോണുകൾ കൈവശം വെക്കുന്നതും വിൽക്കുന്നതും പ്രവർത്തിപ്പിക്കുന്നതും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കായി കർശന ശിക്ഷാനടപടികളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. വ്യക്തിഗത സ്വകാര്യത ലംഘിക്കുന്ന രീതിയിലോ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ പൊതുജനക്കൂട്ടങ്ങളെ ചിത്രീകരിക്കുന്നതിനോ ഡ്രോൺ ഉപയോഗിച്ചാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും.
വ്യോമമേഖലയുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചാൽ ഏഴ് വർഷം വരെയാണ് തടവ്. ഇതിന് പുറമെ ഡ്രോൺ സിസ്റ്റങ്ങളിൽ ഹാക്കിങ് നടത്തുകയോ അനധികൃതമായി നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്യുന്നത് ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പുതിയ നിയമപ്രകാരം മന്ത്രിസഭക്ക് കീഴിൽ പ്രത്യേക എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഓഫീസും സ്ഥാപിതമാകും. സിവിൽ ഏവിയേഷൻ അഫയേഴ്‌സിലെ ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ പുതിയ അതോറിറ്റിയിലേക്ക് ഇവരെ മാറ്റും.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തലവനെ രാജകീയ ഉത്തരവ് വഴിയായിരിക്കും നിയമിക്കുക. എന്നാൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രി പാർലമെന്റിനോട് ഉത്തരവാദിത്തമുള്ളവനായി തുടരും. കൂടാതെ മന്ത്രിസഭയുടെ അംഗീകാരത്തോടെ പുതിയ കമ്പനികൾ സ്ഥാപിക്കാനും അതോറിറ്റിക്ക് അനുമതിയുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.