മനാമ: ടെലികോം, വിവരസാങ്കേതികവിദ്യ (ഐ.സി.ടി) മേഖലയിലെ വികസനത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ബഹ്റൈൻ. ഇന്റർനാഷണൽ ടെലികോമ്യൂണിക്കേഷൻ യൂണിയൻ (ഐ.ടി.യു) പുറത്തുവിട്ട 2026-ലെ ഐ.സി.ടി ഡെവലപ്‌മെന്റ് ഇൻഡക്‌സിൽ 159 രാജ്യങ്ങളിൽ ആറാം സ്ഥാനത്തെത്താൻ ബഹ്‌റൈന് സാധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ മുന്നേറിയാണ് ബഹ്‌റൈൻ ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സ്‌കോർ 98 ശതമാനമായി വർദ്ധിക്കുകയും ചെയ്തു.
യൂണിവേഴ്സൽ കണക്റ്റിവിറ്റിയിൽ 99.1 പോയിന്റും മീനിങ്‌ഫുൾ കണക്റ്റിവിറ്റിയിൽ 97 പോയിന്റും ബഹ്‌റൈൻ നേടിയിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം, വീടുകളിലെ ഇന്റർനെറ്റ് ലഭ്യത, മൊബൈൽ ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് കവറേജ്, മൊബൈൽ ഫോൺ ഉടമസ്ഥാവകാശം എന്നീ നാല് പ്രധാന സൂചികകളിൽ 100-ൽ 100 പോയിന്റും ബഹ്‌റൈൻ സ്വന്തമാക്കി. കൂടാതെ, മൊബൈൽ ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണത്തിലും ഡാറ്റാ ഉപയോഗത്തിലും രാജ്യം മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ടെലികോം സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുമായി സർക്കാർ സ്വീകരിച്ച ദേശീയ നയങ്ങളുടെ വിജയമാണിതെന്ന് ഗതാഗത-ടെലികോം മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. ബഹ്‌റൈന്റെ വികസനത്തിനായി രാജാവും കിരീടാവകാശിയും നൽകുന്ന മാർഗനിർദ്ദേശങ്ങളാണ് ഈ നേട്ടത്തിന് അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ), ടെലികോം കമ്പനികൾ, ബിനെറ്റ് എന്നിവയുടെ സഹകരണത്തോടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനും സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ബഹ്‌റൈന് സാധിച്ചു. ഈ നേട്ടം രാജ്യത്തെ ടെലികോം-ഐ.സി.ടി മേഖലയിലെ ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമായി നിലനിർത്തുന്നതിനും ആഗോളതലത്തിൽ മുൻനിര രാജ്യങ്ങൾക്കിടയിൽ സ്ഥാനം ഉറപ്പിക്കുന്നതിനും കൂടുതൽ പ്രചോദനം നൽകുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.