മനാമ: വിദേശങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് എത്തുന്ന വ്യക്തിഗത ഷിപ്പ്‌മെന്റുകൾക്കും തപാൽ പാർസലുകൾക്കുമുള്ള കസ്റ്റംസ് തീരുവയും ചട്ടങ്ങളും പുതുക്കി നിശ്ചയിച്ചതായി ബഹ്റൈൻ കസ്റ്റംസ് അഫയേഴ്സ് അറിയിച്ചു. ജി.സി.സി രാജ്യങ്ങളിൽ ഉടനീളം ഏകീകൃത കസ്റ്റംസ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതികൾ കൊണ്ടുവന്നിട്ടുള്ളത്. പുതിയ നിയമപ്രകാരം, 100 ദിനാറോ അതിൽ കൂടുതലോ മൂല്യമുള്ള വ്യക്തിഗത പാർസലുകൾക്കും ഷിപ്പ്‌മെന്റുകൾക്കും ഇനിമുതൽ കസ്റ്റംസ് ഡ്യൂട്ടി ബാധകമായിരിക്കും. ഇതിന് പുറമെ 10 ശതമാനം വാറ്റും ഈടാക്കും.
കസ്റ്റംസ് താരിഫ് ഷെഡ്യൂൾ അനുസരിച്ച്, ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ തരം പരിഗണിച്ചായിരിക്കും നികുതി നിരക്കുകൾ നിശ്ചയിക്കുക. കസ്റ്റംസ് നടപടിക്രമങ്ങളുടെ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കാനും, ക്ലിയറൻസ് സമയപരിധി ഗണ്യമായി കുറയ്ക്കാനും പുതിയ നടപടികൾ സഹായിക്കുമെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. അതിവേഗം വളരുന്ന ഇ-കോമേഴ്സ് മേഖലയ്ക്കും അതിർത്തി കടന്നുള്ള തപാൽ ഗതാഗതത്തിനും കൂടുതൽ കരുത്ത് പകരുന്നതാണ് ഈ പരിഷ്കാരം. പ്രാദേശികമായും അന്തർദ്ദേശീയമായും പ്രയോഗിക്കുന്ന ഏകീകൃത ജി.സി.സി കസ്റ്റംസ് ചട്ടങ്ങൾക്ക് അനുസൃതമായുള്ള ഈ നടപടികൾ ബഹ്റൈന്റെ ലോജിസ്റ്റിക്സ് മേഖലയുടെ മത്സരക്ഷമത ഉയർത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.