മനാമ: മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ നൂറുകണക്കിന് പ്രവാസികൾ ദുരിതത്തിൽ. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതും വിസിറ്റ് വിസക്കാരുടെ വിസ കാലാവധി അവസാനിക്കുന്നതുമാണ് നിലവിൽ പ്രവാസികളെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്.
മാസം 150 മുതൽ 200 ദീനാർ വരെ മാത്രം വരുമാനമുള്ള സാധാരണക്കാരായ പ്രവാസികളാണ് ഇതിലധികവും. നാട്ടിലേക്ക് പോകാനായി 350 ദീനാർ വരെ ടിക്കറ്റിനായി നൽകേണ്ടി വരുന്നത് ഇവർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. കഷ്ടപ്പെട്ട് സ്വരൂപിച്ച സമ്പാദ്യമെല്ലാം ടിക്കറ്റിനായി മാറ്റിവെക്കേണ്ടി വരുന്ന അവസ്ഥയിലാണ് പലരും.
പല ആവശ്യങ്ങൾക്കുമായി നിശ്ചിത കാലത്തേക്ക് മാത്രം ബഹ്റൈനിലെത്തി വിസിറ്റ് വിസക്കാർ തിരികെ യാത്രചെയ്യാനായി എടുത്തിരുന്ന ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടതും കൈയിൽ കരുതിയിരുന്ന പണം തീർന്നതും വിസ കാലാവധി കഴിഞ്ഞതും വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. അത്തരക്കാർക്ക് ഇന്ത്യൻ എംബസി വഴി സൗദി ട്രാൻസിസ്റ്റ് വിസ നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും യാത്രാ ചിലവ് വഹിക്കാൻ കഴിയാതെ വലയുന്നവരുമുണ്ട്.
അഫ്സലിന് നാട്ടിലെത്തണം; പക്ഷേ പണം...!
അത്തരത്തിൽ വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയതാണ് കണ്ണൂർ സ്വദേശിയായ അഫ്സൽ എന്നയാൾ. നിത്യരോഗിയായ അദ്ദേഹം ഒന്നര മാസത്തേക്കുള്ള മരുന്നുകളും തിരികെ യാത്രചെയ്യാനുള്ള ടിക്കറ്റും കരുതിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വന്നെത്തിയ പ്രതിസന്ധി അദ്ദേഹത്തെ ഏറെ പ്രയാസത്തിലേക്കാണ് തള്ളിയിട്ടത്. മടക്ക ടിക്കറ്റ് റദ്ദാവുകയും മരുന്നുകൾ തീർന്നു പോവുകയും ചെയതു. മരുന്നുകൾ ഇവിടെ ഭീമമായ തുകയാണെന്നാണ് അദ്ദേഹം പറയുന്നത്. താമസത്തിനായി താൽക്കാലിക ഇടമായിരുന്നു ഒരുക്കിയിരുന്നത്. അത് ഈ മാസത്തോടെ ഒഴിഞ്ഞു കൊടുക്കണമെന്നും നിലവിൽ ടിക്കറ്റ് എടുക്കാൻ പോലും പണമായി കൈവശം ഒന്നുമില്ലെന്നും, ഈ സാഹചര്യത്തിൽ വൃക്കരോഗിയായ തനിക്ക് എത്രയും വേഗം നാട്ടിലെത്തുകയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അഫ്സലിനെ പോലെ നിരവധി പേർ ബഹ്റൈനിൽ അകപ്പെട്ടവരായുണ്ടെന്നാണ് വിവിധ കോണുകളിൽ നിന്നായി അറിയാൻ കഴിയുന്നത്. വിസ മാറാനായി ബഹ്റൈനിലെത്തി അകപ്പെട്ടവർ, ടിക്കെറ്റെടുക്കാൻ തയ്യാറായിട്ടും ചില നിയമതടസ്സങ്ങൾ മൂലം സൗദി വിസ ലഭിക്കാതിരിക്കുന്നവർ തുടങ്ങി നാട്ടിലെ കല്യാണങ്ങളും മരണങ്ങളും മറ്റ് അത്യാവശ്യങ്ങളും വേദനയോടെ ഒഴിവാക്കേണ്ടി വരുന്ന മനുഷ്യരുമുണ്ട്.
ആശങ്കയിൽ പ്രവാസി വ്യാപാരികൾ
ബിസിനസിൽ പ്രതിസന്ധി ചെറിയ രീതിയിൽ തന്നെയെങ്കിലും ബാധിച്ചു തുടങ്ങിയുട്ടുണ്ടെന്നാണ് വ്യാപാരികളും പറയുന്നത്. ബിസിനസ് മന്ദഗതിയിലായതോടെ വരും മാസങ്ങളിൽ തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന കാര്യത്തിൽ വ്യാപാരികൾ ആശങ്കാകുലരാണ്. ചില സ്ഥാപനങ്ങൾ ശമ്പളം വെട്ടിക്കുറയ്ക്കാനും ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാനും നിർദേശിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഭീമമായ തുക സഹായങ്ങൾക്കായി നൽകാൻ ആരും ഒരുക്കമാകില്ല എന്നാണ് സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ സഹായം ആവശ്യപ്പെട്ടു വരുന്നവർക്കും നിയമതടസ്സങ്ങൾ മൂലം ബഹ്റൈനിലകപ്പെട്ടവർക്കും തുണയാകാൻ വ്യാപാരികളായ ഇത്തരം പ്രവാസികൾ തന്നെയായിരുന്നു മുന്നിട്ടു വരാറുള്ളത്. നിലവിലെ സാഹചര്യം നേരിയ തോതിൽ അവരെയും തളർത്തി തുടങ്ങി എന്നതാണ് വസ്തുത. എന്നിരുന്നാലും ഇച്ഛാശക്തിയോടെയും ആത്മവിശ്വാസത്തോടെയും തങ്ങളെ വളർത്തിയ രാജ്യത്തെ കൈവിടാതെ പ്രതിസന്ധിയിലും കൂടെ നിന്ന് പ്രതീക്ഷയോടെ കാത്തിരിക്കയാണ് അവരും.
ഉയർന്ന നിരക്കോടെ തുടരുന്ന ഗൾഫ് എയർ സർവിസ്
നിലവിൽ രാജ്യത്തെ എയർസ്പേസ് അടഞ്ഞ കിടക്കുന്നതിനാൽ ഗൾഫ് എയർ സൗദിയിലെ ദമ്മാം വഴിയാണ് സർവീസുകൾ നടത്തുന്നത്. ഇന്ത്യയിലെ മുംബൈ, ചെന്നൈ സെക്ടറുകളിലേക്ക് നേരിട്ടും കേരളമടക്കമുള്ള മറ്റ് സെക്ടറുകളിലേക്ക് ചാർട്ടർ വിമാനം വഴിയുമായിരുന്നു സർവീസ്. എന്നാൽ നിലവിൽ തിരുവന്തപുരത്തേക്കും കൊച്ചിയിലേക്കും ഗൾഫ് എയർ നേരിട്ട് സർവീസ് ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ട
ദമ്മാം വഴി സർവീസ് ആരംഭിച്ച ആദ്യകാലങ്ങളിൽ 250 ദീനാറിനായിരുന്നു വിവധ സെക്ടറുകളിലേക്ക് ഗൾഫ് എയർ സർവീസ് നടത്തിയിരുന്നത്, എന്നാൽ പിന്നീടത് കാലക്രമേണ ആവശ്യക്കാരുടെ തോത് വർധിച്ചതിനാൽ ടിക്കറ്റ് വിലയും വർധിപ്പിച്ചു. നിലവിൽ 300 നും 400നും ഇടയിലാണ് ടിക്കറ്റ് നിരക്ക്. ബഹ്റൈൻ കേരളീയ സമാജമാണ് കേരളത്തിലേക്ക് ആ സമയം ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയിരുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പ്രവാസികൾക്ക് ഈ സർവീസ് ഉപകാരപ്രദമായിരുന്നു. ടിക്കറ്റ് വില ഉയർന്നു നിൽക്കുന്നതിനാൽ സാധാരണക്കാരായ പ്രവാസികൾ ഈ വിമാനങ്ങളിൽ പോലും യാത്ര ചെയ്യാനാകാതെ പ്രതിസന്ധിയിലായിരിക്കയാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ബഹ്റൈൻ വ്യോമപാത തുറന്നു പ്രവർത്തിക്കുമെന്നുമുള്ള പ്രതീക്ഷയിൽ കഴിയുന്ന നിരവധിപേരും ഇന്ന് ബഹ്റൈനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.