മനാമ: വിജയകരമായി കോവിഡ്-19 മഹാമാരിയെ നേരിട്ട രാജ്യത്തെ ആരോഗ്യ മേഖലക്ക് അന്താരാഷ്ട്ര തലത്തിലുള്ള ആരോഗ്യ വിദഗ്ധരുടെ പ്രശംസ. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് കീഴിൽ ഡിപ്ലോമാറ്റ് റാഡിസൻ ബ്ലൂ ഹോട്ടലിൽ നടന്ന C3 ബഹ്റൈൻ ‘ദാവോസ് ഓഫ് ഹെൽത്ത് കെയർ’ ഉച്ചകോടിയിലാണ് വിദഗ്ധർ ബഹ്റൈന്റെ ആരോഗ്യ നേട്ടങ്ങളെ പ്രകീർത്തിച്ചത്.
‘ആരോഗ്യ പരിചരണ മേഖലയിൽ ലോകതലത്തിലെ മാറ്റങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ച സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ആരോഗ്യ മേഖലയിൽ വൻ കുതിപ്പ് നടത്താൻ ബഹ്റൈൻ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് വ്യക്തമാക്കി. എ.എം.എച്ച് കോഓപറേറ്റ് ചീഫ് എക്സിക്യൂട്ടിവും ചീഫ് മെഡിക്കൽ ഓഫിസറുമായ ഡോ. ജോർജ് ചെറിയാൻ അതിഥികളെ സ്വാഗതം ചെയ്തു.
വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ സമ്മേളനത്തിൽ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ട വിദഗ്ധരും ഗവേഷകരും പങ്കെടുത്തു. കൂടാതെ ലോകതലത്തിൽ തന്നെ പ്രശസ്തമായ വിവിധ ആരോഗ്യ സ്ഥാപനങ്ങളും ഇതിൽ പങ്കാളികളായി. മായോ ക്ലിനിക്, ക്ലിഫ്ലാന്റ് ക്ലിനിക്, വൈറ്റ് ഹൗസ്, ജോൺസ് ഹോപ്കിൻസ്, ഹാർവാഡ് യൂനിവേഴ്സിറ്റി മെഡിക്കൽ കോളജ്, വാഇൽ കോർണൽ മെഡിക്കൽ, മെമ്മോറിയൽ സ്ലോൺ കാറ്ററിങ് ഫോർ കാൻസർ തുടങ്ങിയ സ്ഥാപനങ്ങളും ഇതിൽ പങ്കാളികളായിരുന്നു.
ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ, ആരോഗ്യ മന്ത്രാലയം എന്നിവയുമായി വിവിധ സ്ഥാപനങ്ങൾ ചർച്ച നടത്തുകയും ചെയ്തു. മെഡിക്കൽ മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സങ്കേതങ്ങളും പരസ്പരം പരിചയപ്പെടുന്നതിനും അനുഭവ സമ്പത്ത് കൈമാറുന്നതിനും ഇത്തരം സമ്മേളനങ്ങൾ കരുത്തു പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസനും സമ്മേളനത്തിൽ സന്നിഹിതയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.