മനാമ: ബഹ്റൈനിലെ മുൻ സ്കൂൾ വിദ്യാർഥിനി ഫാത്തിമ റിദക്ക് ഐ.ഐ.ടി മദ്രാസിൽനിന്ന് ബയോ ഇൻഫർമാറ്റിക്സിൽ പിഎച്ച്.ഡി ലഭിച്ചു. മാസ്റ്റേഴ്സും പിഎച്ച്.ഡിയും വെറും 4.5 വർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. നേരത്തേ എൻ.ഐ.ടി കോഴിക്കോട് നിന്ന് ബയോടെക്നോളജിയിൽ ബി.ടെകിൽ ഫാത്തിമക്ക് ഗോൾഡ് മെഡലും ലഭിച്ചിരുന്നു. രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് സഹായകമാകുന്ന മെഷീൻ ലേണിങ്, എ.ഐ അധിഷ്ഠിത കമ്പ്യൂട്ടേഷനൽ ടൂളുകൾ വികസിപ്പിക്കുന്നതിലാണ് ഫാത്തിമ പ്രധാനമായും ഗവേഷണം നടത്തിയത്.
ഉയർന്ന നിലവാരമുള്ള ജേണലുകളിൽ പത്തിലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്പ്, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ തന്റെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി പോസ്റ്റർ പ്രൈസ്, ബെസ്റ്റ് ഫ്ലാഷ് ടോക്ക് അവാർഡ് എന്നിവയുൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പായ പ്രധാനമന്ത്രിയുടെ റിസർച്ച് ഫെലോഷിപ്പും (പി.എം.ആർ.എഫ്), ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് അവാർഡ് 2025ഉം ഫാത്തിമക്ക് ലഭിച്ചു.
ബഹ്റൈനിലെ ഏഷ്യൻ സ്കൂളിൽ (പത്താം ക്ലാസ് വരെ) ന്യൂ മിലേനിയം സ്കൂളിലുമായാണ് (11ഉം 12ഉം ക്ലാസുകൾ) ഫാത്തിമ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മുഹമ്മദ് കുട്ടി കരുവന്തോടിക്കയിലും ബബിത പി.സി.യുമാണ് മാതാപിതാക്കൾ. സഹോദരങ്ങളായ അമീന റിനയും, റിഷാൽ മുഹമ്മദും ഏഷ്യൻ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.