അര്‍ധവാര്‍ഷിക അവധിക്ക് രാജ്യത്ത് 37ഓളം വിനോദസഞ്ചാര മേളകള്‍

റിയാദ്: സൗദി വിദ്യാലയങ്ങളിലെ അര്‍ധവാര്‍ഷിക അവധി അടുത്തയാഴ്ച തുടങ്ങാനിരിക്കെ 37 വിനോദ സഞ്ചാര മേളകള്‍ക്ക് രാജ്യം ആതിഥേയത്വം വഹിക്കും. വിവിധ പ്രവിശ്യകളിലാണ് ഇത്രയധികം ഉത്സവങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ആസ്വാദ്യകരമായ സാമൂഹിക, സാംസ്കാരിക, പൈതൃക പരിപാടികളും കലാകായിക വിനോദ ഇനങ്ങളും കൂട്ടിയിണക്കിയ മേളകള്‍ സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷനല്‍ ഹെരിറ്റേജ് (എസ്.സി.ടി.എച്ച്) അതാതിടങ്ങളിലെ വിനോസഞ്ചാര വികസന സമിതികളുടെയും മറ്റ് സഹകാരികളുടെയും സഹായത്തോടെ സംഘടിപ്പിക്കുന്നു. 
കാര്‍ഷികോല്‍പന്നങ്ങള്‍, കരകൗശല നിര്‍മാണ വസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും ഉള്‍പ്പെട്ട മേളയും അനുബന്ധമായി നടക്കും. ഈ രണ്ട് മേഖലകളുടെയും അഭിവൃദ്ധിക്ക് കളമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം മുതല്‍ ഈ കൂട്ടിച്ചേര്‍ക്കല്‍. ഇത് കൂടാതെ ശൈത്യകാല വിനോദ സഞ്ചാര ഇനങ്ങളും മേളയില്‍ ഉള്‍പ്പെടും. ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിന്‍െറ പാര്‍ശ്വഫലമായി തദ്ദേശീയര്‍ക്ക് വാണിജ്യ നേട്ടങ്ങള്‍ ഉണ്ടാക്കാനും ഈ മേളകിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും വന്‍തോതിലുള്ള ധനവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.സി.ടി.എച്ച് മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോഗ്രാം വൈസ് പ്രസിഡന്‍റ് അബ്ദുല്ല ബിന്‍ അബ്ദുല്‍ മാലിക് അല്‍മുര്‍ഷിദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇതിനായി സ്വകാര്യ വാണിജ്യ സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്നു. രാജ്യത്തിന്‍െറ സാമൂഹിക, സാമ്പത്തിക അഭിവൃദ്ധിയില്‍ വിനോദ സഞ്ചാര മേളകളുടെ പങ്ക് വികസിക്കുകയാണെന്നും 2014 മുതല്‍ 2018 വരെ കാലയളവിലേക്ക് നേരത്തെ പ്രഖ്യാപിച്ച സമഗ്ര വികസന പദ്ധതി പ്രകാരമാണ് ഉത്സവ മേളകള്‍ നിരന്തരമായി സംഘടിപ്പിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
പൊതുജനങ്ങളുടെ ആവശ്യവും അഭിലാഷവും കണ്ടറിഞ്ഞാണ് മേള സംഘടിപ്പിക്കുന്നതും വികസന പദ്ധതി നടപ്പാക്കുന്നതും. മേളകള്‍ ഓരോ വര്‍ഷവും വന്‍തോതിലാണ് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത്. ഈ അവധിക്കാല മേളകള്‍ മാത്രം യുവതിയുവാക്കള്‍ക്ക് 4,500 താല്‍ക്കാലിക തൊഴിലവസരങ്ങള്‍ നല്‍കും. അടുത്ത തവണ ഇത് വീണ്ടും കൂടും. ഓരോ വര്‍ഷവും 30 ശതമാനം എന്ന തോതിലാണ് വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച. 
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം പങ്കാളിത്തം ലഭിക്കുന്ന പരിപാടികളാണ് മേളയില്‍ ഉള്‍പ്പെടുന്നത്്. മേളകളുടെ ഒരുക്കത്തിന്‍െറയും നടത്തിപ്പിന്‍െറയും ഘട്ടങ്ങളിലെല്ലാം തദ്ദേശീയരായ ആളുകള്‍ക്ക് പങ്കാളിത്തം നല്‍കും. സ്വന്തം ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനുമുള്ള അവസരവും ലഭിക്കും. കൂടുതല്‍ മികച്ചതാക്കാനും വിപുലപ്പെടുത്താനുമുള്ള നിര്‍ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുകയും ചെയ്യും. മേളകള്‍ സന്ദര്‍ശിക്കാന്‍ രാജ്യത്തെ വിദേശികള്‍ക്കും അനുവാദമുണ്ട്. ജീസാന്‍ വിന്‍റര്‍ ഫെസ്റ്റിവല്‍, ഫുര്‍സാന്‍ ഫോര്‍ത്ത് ഫെസ്റ്റിവല്‍, അല്‍ഉല ഫോറം, യാമ്പുവിലെ പൈതൃകോത്സവം, ജിദ്ദ സ്പ്രിങ് ഷോപ്പിങ് ഫെസ്റ്റിവല്‍, ജിദ്ദ ഫ്രൈഡേ മാര്‍ക്കറ്റ് ഫെസ്റ്റിവല്‍, അല്‍ഹിജാസ് ഫെസ്റ്റിവല്‍, മക്ക സ്പ്രിങ് ഫെസ്റ്റിവല്‍, താഇഫ് വിന്‍റര്‍ ഫെസ്റ്റിവല്‍, തബൂഖ് ഹാന്‍ഡിക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ്, അല്‍ജൗഫ് ഒലീവ് ഫെസ്റ്റ്, ബുറൈദ സ്പ്രിങ് ഫെസ്റ്റിവല്‍, നാരിയ ഫെസ്റ്റ് തുടങ്ങിയ 37 ഉത്സവങ്ങളാണ് അരങ്ങേറുന്നത്. ഈ കാലയളവില്‍ രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളും ചരിത്രാവശിഷ്ടങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും. 
www.sauditourism.com.sa എന്ന വെബ്സൈറ്റിലൂടെ ഉത്സവങ്ങളെയും മ്യൂസിയങ്ങള്‍, പാര്‍ക്കുകള്‍, കമ്പോളങ്ങള്‍, ഹോട്ടലുകള്‍, മറ്റ് താമസ കേന്ദ്രങ്ങള്‍ തുടങ്ങിയവയെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.  

News Summary - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.