മനാമ: സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിൽ ബഹ്‌റൈൻ വീണ്ടും കരുത്ത് തെളിയിക്കുന്നു. സ്റ്റാർട്ടപ്പുകളും അവയ്ക്ക് പിന്തുണ നൽകുന്ന സേവനങ്ങളും തമ്മിലുള്ള പരസ്പര പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ‘ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് 2026’ പ്രകാരം മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിലെ മികച്ച അഞ്ച് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിൽ ഒന്നായി ബഹ്‌റൈൻ ഇടംപിടിച്ചു. സ്റ്റാർട്ടപ്പുകളുടെ മൂല്യം, ഫണ്ടിംഗ്, എക്സിറ്റുകൾ എന്നിവ കണക്കിലെടുത്താണ് ഈ റാങ്കിംഗ് നിർണ്ണയിച്ചിരിക്കുന്നത്.
ഈ റിപ്പോർട്ടിലെ വിവിധ വിഭാഗങ്ങളിലായി ബഹ്‌റൈൻ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പുകളുടെ പ്രവർത്തന വ്യാപ്തിയും സാന്ദ്രതയും പരിശോധിക്കുന്ന 'എ.ഐ-നേറ്റീവ് ക്ലസ്റ്റർ' വിഭാഗത്തിൽ മേഖലയിലെ മികച്ച 10 സ്ഥാനങ്ങളിലും, ഗവേഷണ പ്രവർത്തനങ്ങളിലൂടെയുള്ള നവീകരണത്തെ അളക്കുന്ന 'ആർ ആൻഡ് ഡി എൻജിൻ' വിഭാഗത്തിൽ മേഖലയിലെ മികച്ച 15 സ്ഥാനങ്ങളിലും ബഹ്‌റൈൻ സ്ഥാനം പിടിച്ചു.
സംരംഭകർക്ക് അവരുടെ ആശയങ്ങൾ വികസിപ്പിക്കാനും പരീക്ഷിക്കാനുമുള്ള മികച്ച പിന്തുണയാണ് ബഹ്‌റൈൻ നൽകുന്നത്. തൊഴിൽ മേഖലയിലെ പരിഷ്കാരങ്ങൾ, കുറഞ്ഞ പ്രവർത്തനച്ചെലവ്, അനുകൂലമായ നിയമവ്യവസ്ഥ, ഫിൻടെക്, ഡിജിറ്റൽ ഇന്നൊവേഷൻ മേഖലകളിലുള്ള ശ്രദ്ധ, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ എന്നിവ ബഹ്‌റൈനെ സംരംഭകർക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. ബഹ്‌റൈനിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷം സംരംഭകർക്ക് അവരുടെ ആശയങ്ങൾ വികസിപ്പിക്കാനും പരീക്ഷിക്കാനും അനുയോജ്യമായ പിന്തുണ നൽകുന്നതാണെന്നും, ഇത് പ്രാദേശിക വിപണികളിലേക്കുള്ള വളർച്ചയെ സഹായിക്കുന്നുണ്ടെന്നും ലേബർ ഫണ്ട് (തംകീൻ) സ്ട്രാറ്റജി ആൻഡ് ഇൻസൈറ്റ്‌സ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അല അൽ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.