മനാമ: ഭരണനിർവഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിക്കുന്നതിലും പൊതുസേവനങ്ങൾക്കായി പുത്തൻ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലും അറബ് ലോകത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈനും. യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ പുറത്തുവിട്ട 2026ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ വാർഷിക അവലോകന റിപ്പോർട്ടിലാണ് ബഹ്‌റൈന്റെ ഈ നേട്ടം വ്യക്തമാക്കുന്നത്. ഒപ്പം, സൈബർ സുരക്ഷയുടെ കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന വിഭാഗത്തിലും രാജ്യം ഇടംപിടിച്ചു.
അറബ് മേഖലയിലെ എ.ഐ നയങ്ങളെക്കുറിച്ച് പഠനം നടത്തിയ റിപ്പോർട്ട് പ്രകാരം, 2025ലെ ഗവൺമെന്റ് എ.ഐ റെഡിനസ് ഇൻഡക്സിൽ സൗദി അറേബ്യയ്ക്കും യു.എ.ഇക്കും തൊട്ടുപിന്നാലെ മുൻനിരയിലാണ് ബഹ്‌റൈന്റെ സ്ഥാനം. കുവൈത്ത്, ജോർദാൻ, മൊറോക്കോ, ടുണീഷ്യ, ഇറാഖ്, മൗറിട്ടാനിയ തുടങ്ങിയ രാജ്യങ്ങളേക്കാൾ മുന്നിലാണ് ബഹ്‌റൈൻ.
സർക്കാർ സേവനങ്ങളിൽ എ.ഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിനായി കൃത്യമായ അടിസ്ഥാന സൗകര്യങ്ങളും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനങ്ങളും ഉറപ്പാക്കിയ ചുരുക്കം ചില അറബ് രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ എന്ന് റിപ്പോർട്ട് പ്രത്യേകം എടുത്തുപറയുന്നു.
ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐ.ടി.യു) പുറത്തുവിട്ട ആഗോള സൈബർ സുരക്ഷാ സൂചികയിലും ബഹ്‌റൈൻ ഒന്നാം നിരയിലാണ് ഇടംപിടിച്ചിരിക്കുന്നത്. ശക്തമായ നിയമനിർമ്മാണം, അത്യാധുനിക സാങ്കേതിക ശേഷി, ഫലപ്രദമായ ദേശീയ സൈബർ സുരക്ഷാ തന്ത്രങ്ങൾ എന്നിവയാണ് രാജ്യത്തെ ഈ നേട്ടത്തിന് അർഹമാക്കിയത്.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനും വേണ്ടി എത്തിക്കൽ എ.ഐ നിയമങ്ങൾ ദേശീയ നയരേഖയിൽ തന്നെ ഉൾപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ഇതനുസരിച്ച് ഏതൊരു സർക്കാർ സ്ഥാപനവും എ.ഐ സംവിധാനങ്ങൾ പുറത്തുവിടുന്നതിന് മുൻപ് രാജ്യത്തെ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി ആലോചിച്ച് അനുമതി വാങ്ങിയിരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.