ബി.ഡി.എഫ് രാജ്യത്തിന്‍െറ അഭിമാനം –മന്ത്രിസഭ

മനാമ: ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് രാജ്യത്തിന്‍െറ അഭിമാന സ്തംഭമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ബി.ഡി.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സൈന്യം ചെയ്ത സേവനങ്ങളെ അനുസ്മരിച്ചു.  
ബി.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ലഖീഫക്കും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫക്കും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും  ആശംസകള്‍ നേര്‍ന്നു. 
ബഹ്റൈന്‍ കഴിഞ്ഞ കാലങ്ങളില്‍ കരഗതമാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിലും അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിലും ബി.ഡി.എഫിന്‍െറ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു. ബി.ഡി.എഫ് മേധാവികള്‍ക്കും സൈനികര്‍ക്കും പ്രധാനമന്ത്രിയും കാബിനറ്റ് അംഗങ്ങളും ആശംസകള്‍ നേര്‍ന്നു. 
യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ‘കിങ് ഹമദ് യൂത്ത് എംപവര്‍മെന്‍റ് അവാര്‍ഡ്’ പ്രഖ്യാപനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. യു.എന്നിന്‍െറ മേല്‍നോട്ടത്തില്‍ നല്‍കുന്ന ഈ അവാര്‍ഡ് രാജ്യത്തിന്‍െറ യശസ്സ് വര്‍ധിപ്പിക്കും. 
അന്താരാഷ്ട്ര തലത്തില്‍ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കാനും ഇത് കാരണമാകുമെന്ന് വിലയിരുത്തി. 
യു.എന്നും ബഹ്റൈനും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിലേക്ക് വികസിപ്പിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
ബഹ്റൈന്‍ സന്ദര്‍ശിക്കുന്നതിന് തുര്‍ക്കി പ്രസിഡന്‍റ് റജബ്ത്വയ്യിബ് ഉര്‍ദുഗാനെ ക്ഷണിച്ച ഹമദ് രാജാവിന്‍െറ നടപടിയെ കാബിനറ്റ് സ്വാഗതം ചെയ്തു. വിവിധ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി ആരാഞ്ഞു. 
ഹിദ്ദിലെ സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ വികസിപ്പിക്കും. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും വിവിധ സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിക്കുന്നതിനും നികുതി ഏര്‍പ്പെടുത്തുന്നതിനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനും അതുവഴി രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു. വാണിജ്യ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസവും ഇരട്ട നടപടിക്രമങ്ങളും ഒഴിവാക്കുന്നിന് നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. 
‘സിജില്ലാത്ത്’ സിസ്റ്റം വഴി എല്ലാ വാണിജ്യ അനുമതികളും നല്‍കുന്നതിനും സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും നിര്‍ദേശമുണ്ട്. 
യുവാക്കള്‍ക്ക് പരിശീലനം നല്‍കി അര്‍ഹമായ തൊഴില്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി വിശദീകരിച്ചു. 
മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
 

News Summary - bahrain ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.