വ്യാപാര മിച്ചം; അറബ് രാജ്യങ്ങളിൽ ബഹ്റൈൻ മുന്നിൽ

മനാമ: അറബ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന വ്യാപാര മിച്ചം ബഹ്റൈന്. ലോക വ്യാപാര സംഘടനയുടെയും അന്താരാഷ്ട്ര നാണയ നിധിയുടെയും കണക്കുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് പ്രകാരമാണിത്. 2025ൽ ജി.ഡി.പിയുടെ 33.2 ശതമാനമാണ് ബഹ്റൈന്റെ വ്യാപാര മിച്ചമായി രേഖപ്പെടുത്തിയത്.

യു.എ.ഇ 27.8 ശതമാനവുമായി രണ്ടാം സ്ഥാനത്തും ലിബിയ 24.1 ശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്. ഖത്തർ 19.5 ശതമാനവുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരമാണ് വ്യാപാര മെച്ചം/കമ്മി. രാജ്യത്തിന്റെ കയറ്റുമതി ഇറക്കുമതിയേക്കാൾ ഉയർന്നുനിൽക്കുന്നു എന്നതാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രാജ്യ​ത്തിന്റെ സാമ്പത്തിക നിലയുടെ ഏക മാനദണ്ഡമായി ഇതിനെ വിലയിരുത്താൻ കഴിയില്ലെങ്കിലും ഇത് രാജ്യത്തിന്റെ ബാഹ്യ സാമ്പത്തിക മേഖലയുടെ കരുത്തും മികച്ച വ്യാപാര ശേഷിയും പ്രകടമാക്കുന്ന പോസിറ്റീവ് സൂചകമാണ്. എണ്ണയിതര മേഖലകളുടെ ശക്തമായ പ്രകടനം, എണ്ണവിലയിലെ വ്യതിയാനങ്ങൾ, പുനർകയറ്റുമതി എന്നിവയാണ് വ്യാപാര മിച്ചം വർധിപ്പിക്കാൻ സഹായിച്ച ഘടകങ്ങൾ. ബഹ്റൈന്റെ എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2026 ആദ്യപാദത്തിൽ 2.2 ശതമാനം വർധിച്ചു.

13 എണ്ണയിതര സാമ്പത്തിക പ്രവർത്തനങ്ങളിൽ ഒമ്പതിലും വളർച്ച രേഖപ്പെടുത്തി. ബാങ്കിങ്, ഇൻഷുറൻസ് മേഖലകൾ 8.6 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. മാർച്ചിൽ ഇറാന്റെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബഹ്റൈൻ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനമാണ് നടത്തിയത്. ഇറാന്റെ ആക്രമണങ്ങളും ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതും രണ്ടാം പാദത്തിലെ സാമ്പത്തിക പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.

Tags:    
News Summary - Bahrain leads among Arab countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.