സാമൂഹിക സുരക്ഷക്ക് മദ്യവും മയക്കുമരുന്നും തുടച്ചുനീക്കണം -ഐ.സി.എഫ്
മനാമ: ലഹരിയിൽവീണു പോകുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രയത്നങ്ങൾ ഊർജ്ജിതമാക്കണമെന്നും സമൂഹത്തിൽ നിന്ന് അവ പൂർണമായും തുടച്ചു നീക്കുന്നതിനുള്ള നടപടികൾ സാമൂഹിക സുരക്ഷക്ക് അനിവാര്യമാണെന്നും ഐ.സി.എഫ് ലഹരി വിരുദ്ധ സംഗമം ആവശ്യപ്പെട്ടു. ജീവിതം ലഹരിയാക്കാനും കുടുംബ ബന്ധങ്ങളുടെ സുരക്ഷയും ഊഷ്മളതയും ആസ്വദിക്കാനും പുതിയ തലമുറയെ പാകപ്പെടുത്താനുള്ള പരിശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ‘ലൗ ലൈഫ്, നോ ഡ്രഗ്‌സ്’ പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായാണ് റീജിയൻ തലങ്ങളിൽ പ്രതിജ്ഞാസംഗമം സംഘടിപ്പിച്ചത്.
മനുഷ്യന്റെ ബുദ്ധിയെയും ശരീരത്തെയും സ്വപ്നങ്ങളെയും ബന്ധങ്ങളെയും വിഴുങ്ങുന്ന ലഹരിയുടെ എല്ലാ രൂപങ്ങളെയും നിരസിക്കുമെന്നും വ്യ ക്തിയെയും കുടുംബത്തെയും സമൂഹത്തെയും ലഹരിമുക്തമാക്കുന്നതിനായി പ്രവർത്തിക്കുമെന്നും പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു. ലഹരിക്കെതിരായ പോരാട്ടം കേവലം ഒരു വ്യക്തിയുടെ ഉത്തരവാദിത്വമല്ലെന്നും ആരോഗ്യമുള്ള തലമുറക്കും സുരക്ഷിതമായ സമൂഹത്തിനുമായി ഓരോരുത്തരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ ഉണർത്തിയത്. ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി, അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, സുലൈമാൻ ഹാജി, റഫീക്ക് ലത്വീഫി, ഉസ്മാൻ സഖാഫി, അബ്ദുറസാഖ് ഹാജി, ശംസുദ്ദീൻ സുഹ് രി, അബ്ദുസ്സമദ് കാക്കടവ് എന്നിവർ പങ്കെടുത്തു. ഫൈസൽ ചെറുവണ്ണൂർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.