മനാമ: രാജ്യത്ത് മൊത്തം 7,63,000 തൊഴിലാളികളുള്ളതില്‍ 1,58,000 സ്വേദശികളാണെന്ന് മന്ത്രിസഭായോഗത്തിൽ വെളിപ്പെടുത്തൽ. കഴിഞ്ഞ വര്‍ഷത്തെ തൊഴിലില്ലായ്മ 4.1 ശതമാനത്തില്‍ സ്ഥിരപ്പെടുത്താനും സാധിച്ചു. മാസ ശരാശരി 1900 എന്ന തോതില്‍ സ്വകാര്യ മേഖലയില്‍ 23,000 സ്വദേശികള്‍ക്ക് 2017ല്‍ തൊഴില്‍ ലഭിച്ചതായും ഇതില്‍ 6,000 പേര്‍ ഒറ്റയടിക്ക് ജോലിയില്‍ പ്രവേശിച്ചതായും തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തൊഴിലന്വേഷകരായ 7,700 പേര്‍ക്ക് പരിശീലന പരിപാടികള്‍ മന്ത്രാലയം ലഭ്യമാക്കുകയും ചെയ്തു.
എട്ട് മേഖലകളില്‍ ബഹ്‌റൈനും യു.എ.ഇയും തമ്മില്‍ സഹകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. ചെറുതും സമാനവുമായ ഡയറക്ടറേറ്റുകള്‍ സംയോജിപ്പിക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള നിര്‍ദേശത്തിെൻറ വെളിച്ചത്തില്‍ കാപിറ്റല്‍ സെക്രട്ടേറിയറ്റിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാര്‍പ്പിട കാര്യ മന്ത്രി സഭയില്‍ വിശദീകരിച്ചു. കിരീടാവകാശിയും ഒന്നാം ഉപ്രപധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. മേഖലയിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമായ
‘ഫോർമുല വൺ’ മല്‍സരങ്ങള്‍ അടുത്തെത്തിയ പശ്ചാത്തലത്തില്‍ അതിനായി നടത്തിയ ഒരുക്കങ്ങള്‍ മന്ത്രിസഭ വിലയിരുത്തി. ഇത്തരമൊരു വലിയ മല്‍സരം സംഘടിപ്പിക്കുന്നതിനും വിജയിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്ന കിരീടാവകാശിയും ഒന്നാം ഉപ്രപധാനമന്ത്രിയുമായ പ്രിൻസ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. സാമൂഹികവും ചരിത്രപരവുമായ ഘടന നഷ്ടപ്പെടാതിരിക്കുന്നതിന് ചില പട്ടണങ്ങളിലും പ്രദേശങ്ങളിലും ഭൂമി വാങ്ങുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
സ്വകാര്യ മേഖലയുമായി പങ്കാളിത്തം വഹിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴിലവസരങ്ങളുടെ സുസ്ഥിരത നിലനിര്‍ത്താനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. തദ്ദേശീയ തൊഴില്‍ ശക്തിയെ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ സ്വകാര്യ മേഖലക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കാബിനറ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
എണ്ണയിതര മേഖലയിലെ വളര്‍ച്ച പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും അതിനാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. 2016 നെ അപേക്ഷിച്ച് 2017ല്‍ സ്വകാര്യ മേഖലയിലെ ദേശീയ തൊഴില്‍ ശക്തി 1.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന കന്നുകാലി-പക്ഷി പ്രദര്‍ശനമായ ‘മറാഈ 2018’ വിജയകരമായി സംഘടിപ്പിക്കാന്‍ സാധിച്ചതിനെ കാബിനറ്റ് ശ്ലാഘിച്ചു. കാര്‍ഷിക വളര്‍ച്ചക്കും കന്നുകാലി സംരക്ഷണത്തിനും അതുവഴി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം പ്രദര്‍ശനങ്ങള്‍ കാരണമാകുമെന്നും വിലയിരുത്തി. കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന തരത്തില്‍ മികച്ച സംഘാടനം നടത്താന്‍ സാധിച്ചതായൂം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച അന്താരാഷ്്ട്ര പുസ്തക മേള വിജയകരമായതായും ഇത്തരം സാംസ്‌കാരിക പരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കാന്‍ കരുത്ത് നല്‍കുന്നതായും കാബിനറ്റ ് ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളുമായി സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്നതിനും വൈജ്ഞാനിക വളര്‍ച്ച കൈവരിക്കുന്നതിനും പ്രദര്‍ശനം കാരണമായിട്ടുണ്ടെന്നും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.