മനാമ: വ്യാജ സ്ഥാപനങ്ങളുണ്ടാക്കി വിസക്കച്ചവടം വഴി തട്ടിപ്പ് നടത്തുന്ന സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പുതിയ തൊഴിലാളികളെ ബഹ്റൈനിലേക്ക് കൊണ്ടുവരുന്നതിന് ബംഗ്ലാദേശ് എംബസി താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. തട്ടിപ്പ് അവസാനിപ്പിക്കാനായി എംബസി അധികൃതർ ഉടൻ ബഹ്റൈൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ) കിട്ടിയശേഷം അതിലുള്ള വിസ ബംഗ്ലാദേശികൾക്ക് വിൽക്കുകയും തൊഴിലാളികൾ ഇവിടെ എത്തിയ ശേഷം സി.ആർ റദ്ദാക്കുകയുമാണ് ചെയ്യുന്നത്. ബഹ്റൈനിൽ നിയമവിരുദ്ധമായ ‘ഫ്രീ വിസ’ ആയാണ് തട്ടിപ്പുസംഘം വിസ വിൽക്കുന്നത്. ഇതിന് ഇവർ 2,000 ദിനാറോളവും അതിലധികവും ഒരാളിൽ നിന്ന് വാങ്ങുന്നുണ്ട്. സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതോടെ, നിരവധി പേരാണ് അനധികൃത തൊഴിലാളികളായി ബഹ്റൈനിൽ കഴിയുന്നത്. ഇൗ സാഹചര്യത്തിലാണ് ബംഗ്ലാദേശ് എംബസി താൽക്കാലികമായി വിസ മരവിപ്പിക്കാൻ തീരുമാനിച്ചത്.ബംഗ്ലാദേശിൽ നിന്ന് 1,500 മുതൽ 2,200 വരെ ദിനാർ നൽകിയാണ് പലരും ബഹ്റൈനിലെത്തുന്നതെന്ന് ബംഗ്ലാദേശ് അംബാസഡർ കെ.എം. മൊമിനൂർ റഹ്മാൻ പ്രാദേശിക പത്രത്തോട് പറഞ്ഞു.യാതൊരു വ്യവസ്ഥയുമില്ലാതെ തട്ടിപ്പുകാർ സി.ആർ.എടുത്ത് വിസ വിൽക്കുകയാണ്. ‘ഫ്രീ വിസ’ എന്ന സമ്പ്രദായം തന്നെ ബഹ്റൈനിലില്ല എന്ന കാര്യമറിയാതെയാണ് ഒട്ടുമിക്കവരും വരുന്നത്. 1000ത്തിലധികം സി.ആറുകളാണ് എല്ലാ മാസവും റദ്ദാക്കുന്നത്. നാട്ടിൽ ഉള്ളതെല്ലാം വിറ്റുപെറുക്കിയിേട്ടാ ലോൺ എടുത്തിേട്ടാ ഒക്കെയാണ് പലരും വിസ വാങ്ങുന്നത്. മിക്ക പുതിയ സി.ആറുകൾ ഉപയോഗിച്ചും ബംഗ്ലാദേശ് സ്വദേശികളെ ജോലിക്കെടുത്തിട്ടുണ്ട്. ബംഗ്ലാദേശി പൗരൻമാരുടെ റിക്രൂട്ട്മെൻറിനായി വിസ അപേക്ഷ എംബസി ആദ്യം അംഗീകരിക്കേണ്ടതുണ്ട്. പുതിയ സാഹചര്യം കണക്കിലെടുത്ത് ഫെബ്രുവരി അവസാനം മുതൽ ഒട്ടും സംശയമില്ലാത്ത അപേക്ഷകൾ മാത്രമാണ് അംഗീകരിക്കുന്നത്. ഇതിെൻറ ഭാഗമായി പ്രതിദിനം അംഗീകാരം നൽകുന്ന വിസയുെട എണ്ണം അഞ്ചായി കുറഞ്ഞു.നേരത്തെ ഒരു ദിവസം 400 വിസക്കുവരെ അംഗീകാരം നൽകിയിട്ടുണ്ട്.
പ്രശ്ന പരിഹാരത്തിനായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളെയും ബന്ധപ്പെട്ട ഏജൻസികളെയും സമീപിക്കാനാരിക്കുകയാണ് എംബസി. ബംഗ്ലാദേശികളായ ഇടനിലക്കാർ തന്നെയാണ് ഇതിനുപിന്നിലെ പ്രധാന പ്രശ്നക്കാരെന്ന് അംബാസഡർ പറഞ്ഞു. ഇതുസംബന്ധിച്ച് എൽ.എം.ആർ.എക്ക് കത്തയച്ചിട്ടുണ്ട്. അവരുടെ മറുപടി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.