മൈന, കാക്ക വളർത്തലിനും വിൽപ്പനയ്ക്കും ബഹ്‌റൈനിൽ നിരോധനം

മനാമ: ബഹ്‌റൈനിൽ മൈന, കാക്ക എന്നീ ഇനങ്ങളിൽപ്പെട്ട പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനും കൈവശം വെക്കുന്നതിനും കച്ചവടം നടത്തുന്നതിനും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പ്രസിഡന്റ് ശൈഖ് അബ്ദുള്ള ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ച 2026-ലെ എട്ടാം നമ്പർ ഉത്തരവിലാണ് ഈ പുതിയ നിർദ്ദേശം അടങ്ങിയിരിക്കുന്നത്.

നിയമപ്രകാരം അക്രിഡോതെറസ്, കോർവസ് വർഗ്ഗത്തിൽപ്പെട്ട എല്ലാത്തരം മൈനകളുടെയും കാക്കകളുടെയും ഇറക്കുമതി, വിൽപ്പന, കൈവശം വെക്കൽ, പരിപാലനം എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് ആറ് മാസം മുതൽ ഒരു വർഷം വരെ തടവോ, 500 ബഹ്‌റൈനി ദിനാർ മുതൽ 5,000 ബഹ്‌റൈനി ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷമായിരിക്കും ഈ നിരോധനം പ്രാബല്യത്തിൽ വരിക. നിലവിൽ ഇത്തരം പക്ഷികളെ വളർത്തുന്നവർക്ക് നിയമം നടപ്പിലായ ശേഷം ആറ് മാസത്തെ സാവകാശം ലഭിക്കും. എന്നാൽ ഇവയെ യാതൊരു കാരണവശാലും ബഹ്‌റൈനിൽ തുറന്നുവിടാൻ പാടുള്ളതല്ല. പകരം സുപ്രീം കൗൺസിലിന്റെ ബയോഡൈവേഴ്‌സിറ്റി വിഭാഗത്തിന് ഇവയെ കൈമാറാം.

ഗവേഷണങ്ങൾക്കും ശാസ്ത്രീയ പഠനങ്ങൾക്കും അംഗീകൃത കേന്ദ്രങ്ങളിലെ പ്രദർശനങ്ങൾക്കുമായി വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾക്ക് നിരോധനത്തിൽ നിന്ന് ഇളവ് അനുവദിക്കും. അധിനിവേശ ജീവിവർഗ്ഗങ്ങൾ പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള 2022-ലെ പരിസ്ഥിതി നിയമത്തിലെ ആർട്ടിക്കിൾ 74, 103 എന്നിവ ആസ്പദമാക്കിയാണ് ഈ തീരുമാനം.

Tags:    
News Summary - Bahrain bans breeding and sale of mynahs and crows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.