മനാമ: റോയൽ ബഹ്‌റൈൻ എയർഫോഴ്‌സിന്റെ (ആർ.ബി.എ.എഫ്) സുവർണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സായുധ സേനയുടെ പരമോന്നത കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധീകരിച്ച് കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഈസ എയർ ബേസിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
എയർ ബേസിൽ എത്തിയ പ്രധാനമന്ത്രിയെ ദേശീയ സുരക്ഷാ ഉപദേശകനും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഉൾപ്പെടെയുള്ള പ്രമുഖർ കിരീടാവകാശിയെ അനുഗമിച്ചു. പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസ്സൻ അൽ നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നുഐമി, റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തിന്റെ സുരക്ഷക്കായി അശ്രാന്തം പരിശ്രമിക്കുന്ന വ്യോമസേനാംഗങ്ങൾക്ക് ഹമദ് രാജാവിന്റെ ആശംസകളും അഭിനന്ദനങ്ങളും കിരീടാവകാശി കൈമാറി. മികച്ച പൈലറ്റ് കൂടിയായ ഹമദ് രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള തന്ത്രപരമായ കാഴ്ചപ്പാടാണ് 50 വർഷം മുമ്പ് വ്യോമസേനയുടെ രൂപീകരണത്തിന് അടിത്തറയിട്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ആധുനിക സാങ്കേതികവിദ്യകളും മികച്ച പരിശീലനവും വഴി റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് ഇന്ന് ലോകോത്തര സജ്ജീകരണങ്ങളുള്ള ഒരു മികച്ച സൈനിക ശക്തിയായി മാറിയതായി അദ്ദേഹം പ്രശംസിച്ചു. സമീപകാലത്തുണ്ടായ ഇറാൻ ആക്രമണങ്ങളെയും സുരക്ഷാ ഭീഷണികളെയും പ്രതിരോധിക്കുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സുമായി (ബി.ഡി.എഫ്) ചേർന്ന് വ്യോമസേന നടത്തിയ നയതന്ത്രപരവും സൈനികവുമായ ഇടപെടലുകളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
വ്യോമസേനയുടെ തന്ത്രപരമായ വികസന പദ്ധതിയുടെ ഭാഗമായി, ഏറ്റവും പുതിയ യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തിയ ‘മുഹമ്മദ് ബിൻ സായിദ് സ്ക്വാഡ്രന്റെ’ പതാക ചടങ്ങിൽ വെച്ച് കിരീടാവകാശി പ്രകാശനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളുള്ള ‘F16 ബ്ലോക്ക് 70’ യുദ്ധവിമാനങ്ങളാണ് ഈ സ്ക്വാഡ്രനിൽ ഉള്ളത്. ലോകത്തിൽ തന്നെ ഈ അത്യാധുനിക യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്ന ആദ്യ രാജ്യമാണ് ബഹ്‌റൈൻ എന്നത് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.
ബഹ്‌റൈൻ വ്യോമസേനയുടെ ഈ നേട്ടത്തിൽ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും സേനാംഗങ്ങൾക്കും പ്രധാനമന്ത്രി പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.