കൈറോയിൽ നടന്ന എട്ടാമത് അറബ് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന ബഹ്‌റൈൻ പാർലമെന്‍റ് സ്പീക്കർ
മനാമ: അറബ് രാഷ്ട്രങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം സംയുക്ത അറബ് പ്രവർത്തനമാണെന്ന് ബഹ്‌റൈൻ പാർലമെന്‍റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം വ്യക്തമാക്കി. കെയ്‌റോയിൽ നടന്ന എട്ടാമത് അറബ് പാർലമെന്റ് സമ്മേളനത്തിലും അറബ് കൗൺസിലുകളുടെയും പാർലമെന്റുകളുടെയും സ്പീക്കർമാരുടെ യോഗത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിദേശനയത്തിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസമാണ് യു.എൻ സുരക്ഷാ കൗൺസിലിലെ ബഹ്‌റൈന്റെ അംഗത്വം തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അംഗത്വത്തിലൂടെ അറബ് രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും പ്രാദേശിക ഇടപെടലുകളെ എതിർക്കാനും സംഘർഷങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാനും ബഹ്‌റൈന് സാധിച്ചു. മേഖലയുടെ സ്ഥിരത തകർക്കുന്ന ഇറാൻ നടപടികളെയും സ്പീക്കർ രൂക്ഷമായി വിമർശിച്ചു. വിപ്ലവം കയറ്റുമതി ചെയ്യാനുള്ള ഇറാൻ നയവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ പിന്തുണയുള്ള സംഘങ്ങളും അറബ് സമൂഹങ്ങളുടെ ഐക്യത്തെയാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിയമങ്ങളും അയൽപക്ക മര്യാദകളും പാലിച്ച് യു.എൻ സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയവും മനുഷ്യാവകാശ കൗൺസിലിന്റെ 38-ാം നമ്പർ പ്രമേയവും നടപ്പിലാക്കാൻ ഇറാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമാക്കാനും സായുധ സംഘങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കാനും ഇറാൻ ബാധ്യസ്ഥരാണ്. അതേസമയം, ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ ധാരണയെ സംഘർഷം കുറയ്ക്കാനുള്ള പ്രധാന ചുവടുവെപ്പായി അദ്ദേഹം സ്വാഗതം ചെയ്തു.
ഫലസ്തീൻ വിഷയം ബഹ്‌റൈന്റെ വിദേശനയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശത്തെ രാജ്യം പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ബഹ്‌റൈൻ തുടരുന്ന മാനുഷിക സഹായങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഡിജിറ്റൽ മേഖലയിലെ വെല്ലുവിളികളെ നേരിടാൻ അറബ് പാർലമെന്റുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും യോഗത്തിൽ സ്പീക്കർ ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.