അവാർഡ് ജേതാക്കളെ കെ.എസ്.സി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ), ഈ വർഷത്തെ ‘മന്നം അവാർഡുകൾ - സമർപ്പൺ 2026’ ജേതാക്കളെ പ്രഖ്യാപിച്ചു. സാമൂഹിക സേവനം, സംസ്കാരം, കായികം, നേതൃത്വം എന്നീ മേഖലകളിൽ മാതൃകാപരമായ സംഭാവനകൾ നൽകിയ വ്യക്തികളെയാണ് പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്.
കെ.എസ്.സി.എയുടെ പരമോന്നത ബഹുമതിയായ ‘മന്നം അവാർഡ് 2026’ സാമൂഹിക പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായർക്ക് സമ്മാനിക്കും. സാമൂഹിക സേവനം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ നിസ്വാർത്ഥ സേവനങ്ങളെ മാനിച്ചാണ് ഈ പുരസ്കാരം.
ഇതുകൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് ‘സമർപ്പൺ അവാർഡുകളും’ നൽകും. കെ.ജി. ബാബുരാജൻ (കർമ്മയോഗി പുരസ്കാരം), സാറ അഹമ്മദ് ബുഹിജി (മൈത്രി പുരസ്കാരം), അമ്പിളിക്കുട്ടൻ അരവിന്ദാക്ഷൻ നായർ (സംഗീത സമർപ്പൺ പുരസ്കാരം), മുഹമ്മദ് ബാസിൽ അബ്ദുൽ ഹക്കിം (ഖേൽ സമർപ്പൺ പുരസ്കാരം), സാബു ചിറയ്ക്കൽ (സേവാരത്ന പുരസ്കാരം), അനിൽ കുമാർ മുത്തുകുളം (വിശിഷ്ട മാന്യത പുരസ്കാരം) എന്നിവരാണ് ഈ വർഷത്തെ ജേതാക്കൾ.
പമ്പാവാസൻ നായർ
സെപ്റ്റംബർ 4, വെള്ളിയാഴ്ച അദാരിയിലെ അൽ ദുറ ഹാളിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 11, വെള്ളിയാഴ്ച അദാരി പാർക്കിൽ കെ.എസ്.സി.എയുടെ ഓണാഘോഷവും മഹാ ഓണസദ്യയും നടക്കും. കെ.എസ്.സി.എ നിയമിച്ച സ്വതന്ത്ര ജൂറി സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പൂർണ്ണമായും സ്വതന്ത്രവും അതീവ രഹസ്യാത്മകവുമായാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.