സൈദ് മുഹമ്മദ്

48 വർഷത്തെ പ്രവാസത്തിന് വിരാമം; സൈദ് മുഹമ്മദ് നാട്ടിലേക്ക്

മനാമ: ജീവിതത്തിന്റെ നാലര പതിറ്റാണ്ടിലേറെ നീണ്ട ബഹ്‌റൈൻ പ്രവാസത്തിന് കൊല്ലം പള്ളിമുക്ക് സ്വദേശി സൈദ് മുഹമ്മദ് വിരാമമിടുന്നു. 48 വർഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ, ഒരു കാലഘട്ടത്തിന്റെ ഓർമ്മകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഇന്നത്തെപ്പോലെ വിപുലമായ യാത്രാ സൗകര്യങ്ങളോ വിമാന സർവീസുകളോ ഇല്ലാതിരുന്ന 1978ലാണ് സൈദ് മുഹമ്മദ് ബോംബെ വഴി ബഹ്‌റൈനിൽ കാലുകുത്തുന്നത്. അന്ന് അംബരചുംബികളായ കെട്ടിടങ്ങളോ ആധുനിക സൗകര്യങ്ങളോ ഇല്ലാത്ത, തികച്ചും വ്യത്യസ്തമായ ബഹ്‌റൈനെയാണ് അദ്ദേഹം കണ്ടത്. ബഹ്‌റൈന്റെ ഓരോ ഘട്ടത്തിലുള്ള വളർച്ചയ്ക്കും മാറ്റങ്ങൾക്കും നേരിട്ട് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച അപൂർവ്വം ആളുകളിൽ ഒരാളാണ് അദ്ദേഹം. പ്രവാസത്തിന്റെ തുടക്കം മുതൽ ഇന്നുവരെ മുഹറഖിൽ മാത്രമാണ് അദ്ദേഹം ചെലവഴിച്ചത് എന്നതും പ്രത്യേകതയാണ്.

സയാനി ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ ഓഫീസ് അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. പിതാവിന്റെ അനുജൻ വഴി ലഭിച്ച വിസയിലാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. കഴിഞ്ഞ 48 വർഷവും ഒരേ കമ്പനിയുടെ ഭാഗമായി തുടരാൻ കഴിഞ്ഞതിൽ അദ്ദേഹം അതിയായ സംതൃപ്തി പ്രകടിപ്പിക്കുന്നു. പ്രവാസത്തിന്റെ ആദ്യ കാലങ്ങളിൽ ബഹ്‌റൈനിലെ മലയാളി സാംസ്കാരിക പരിപാടികളിലെല്ലാം സജീവ സാന്നിധ്യവുമായിരുന്നു സൈദ് മുഹമ്മദ്. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. 2004 മുതൽ ഭാര്യ ഖദീജ ബീവി അദ്ദേഹത്തിന് തുണയായി ബഹ്റൈനിൽ കൂടെയുണ്ട്. ഹകീം, ഷമീറ എന്നിവരാണ് മക്കൾ. നീണ്ട വർഷത്തെ പ്രവാസത്തിന് ശേഷം ഇനി സ്വന്തം നാട്ടിൽ വിശ്രമജീവിതം നയിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

Tags:    
News Summary - An end to 48 years of expatriate life; Said Muhammad returns home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.