മനാമ: ബഹ്റൈനിലെ പ്രമുഖ പരമ്പരാഗത മാർക്കറ്റുകളിലൊന്നായ ഇസ ടൗൺ ട്രഡീഷനൽ മാർക്കറ്റിന് പുനർജീവനേകാൻ വൻ പദ്ധതി.റസ്റ്റാറന്റുകളും കഫേകളും ഉൾക്കൊള്ളുന്ന ഇരുനില മാളാക്കി മാർക്കറ്റിനെ മാറ്റാനുള്ള നിർദേശത്തിന് സതേൺ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകിപതിറ്റാണ്ടുകൾ പഴക്കമുള്ള ഈ മാർക്കറ്റിനെ സജീവമായ ഒരു വാണിജ്യ-സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യം. ‘‘ഈ മാർക്കറ്റ് ഒരു ദേശീയ സ്മാരകമാണ്, ഇതൊരു വാണിജ്യ ഇടത്തേക്കാൾ ഉപരിയായി ഞങ്ങളുടെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണെന്നും ഇതിന്റെ പുനരുജ്ജീവനത്തിനായി പോരാട്ടം തുടരുമെന്നും’’ കൗൺസിലിന്റെ സാങ്കേതിക സമിതി ചെയർമാനും ഏരിയ കൗൺസിലറുമായ മുബാറക് ഫരാജ് പറഞ്ഞു. 2016ൽ ഔദ്യോഗികമായി ഒരു ദേശീയ ടൂറിസം സൈറ്റായി പ്രഖ്യാപിക്കപ്പെട്ട ഇസ ടൗൺ ട്രഡീഷനൽ മാർക്കറ്റിന് സമ്പന്നമായ ചരിത്രമുണ്ട്.
2012ലും 2014ലും ഉണ്ടായ വലിയ തീപിടിത്തങ്ങൾ മാർക്കറ്റിന് നാശനഷ്ടങ്ങളുണ്ടാക്കി. തുടർന്ന് 2014ൽ യഥാർഥ സ്ഥാനത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ഇത് പുനർനിർമിക്കുകയായിരുന്നു. എന്നാൽ, വാഗ്ദാനം ചെയ്ത നവീകരണങ്ങളിലെ കാലതാമസവും ആളുകളുടെ തിരക്ക് കുറഞ്ഞതും മാർക്കറ്റിനെ പ്രതിസന്ധിയിലാക്കി.അടുത്തിടെ, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം ബഹ്റൈൻ യൂനിവേഴ്സിറ്റി, ബഹ്റൈൻ പോളിടെക്നിക് എന്നിവയുമായി സഹകരിച്ച് നടത്തിയ ‘ഇന്നൊവേറ്റിവ് സൊല്യൂഷൻസ് ഫോർ കൂളിങ് ഓപൺ ഏരിയാസ് മത്സരത്തിൽ’ വിദ്യാർഥികൾ അവതരിപ്പിച്ച നൂതന ആശയങ്ങൾ മാർക്കറ്റിന്റെ പുനരുജ്ജീവനത്തിന് പുതിയ പ്രതീക്ഷകൾ നൽകുകയായിരുന്നു.പുതിയ റസ്റ്റാറന്റുകളും കഫേകളും ഉൾക്കൊള്ളുന്ന രണ്ടാം നില കൂട്ടിച്ചേർക്കുന്നതിലൂടെ മാർക്കറ്റിന് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് കൗൺസിലർമാർ വിശ്വസിക്കുന്നു. എന്നാൽ, ഇതിനുമുമ്പ് സമഗ്രമായ എൻജിനീയറിങ് വിലയിരുത്തലുകൾ ആവശ്യമാണെന്ന് മുബാറക് ഫരാജ് ഊന്നിപ്പറഞ്ഞു.
പുതിയ മുനിസിപ്പൽ, പാർലമെന്ററി പിന്തുണയും പ്രതീക്ഷ നൽകുന്ന എൻജിനീയറിങ് കണ്ടുപിടിത്തങ്ങളും നിലവിൽ വന്നതോടെ, ഇസ ടൗൺ ട്രഡീഷനൽ മാർക്കറ്റിന്റെ ദീർഘകാലമായി കാത്തിരുന്ന പുനരുജ്ജീവനം ഒടുവിൽ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിർദേശം ഇപ്പോൾ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ അൽ മുഅബ്രക്കിയുടെ അവലോകനത്തിനായി സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.