ആരോഗ്യബോധവത്കരണവും പരിശോധനകളുമായി കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് രണ്ടാം വാര്‍ഷികം

മനാമ: ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്‍െറ രണ്ടാം വാര്‍ഷിക പരിപാടികള്‍ ഇന്നലെ കേരളീയ സമാജം ഹാളില്‍ നടന്നു. 
ആരോഗ്യബോധവത്കരണ ക്ളാസുകളും പരിശോധനകളുമായി നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. 
ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടന്ന പരിപാടിയില്‍ കാന്‍സര്‍ ചികിത്സാരംഗത്ത് പ്രശസ്തനായ ഡോ.വി.പി. ഗംഗാധരന്‍െറ സാന്നിധ്യം ശ്രദ്ധേയമായി. 
കാന്‍സര്‍ ബോധവത്കരണത്തിനൊപ്പം, വൃക്കരോഗങ്ങള്‍ സംബന്ധിച്ച സെമിനാര്‍, ടെസ്റ്റ് എന്നിവയും  നടന്നു. നിത്യ ജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യവിവരണങ്ങള്‍, പ്രാഥമിക അപകട രക്ഷാപരിശീലനം, ലഹരി-പുകവലി വിരുദ്ധ ബോധവത്കരണം , അഗ്നിശമന-ഗതാഗത ബോധവത്കരണം തുടങ്ങിയവക്കായി സ്റ്റാളുകളും ഒരുക്കിയിരുന്നു.
ബഹ്റൈനിലെ പ്രമുഖ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. 
സൗജന്യമായി നടത്തിയ പരിപാടിയില്‍ ഇന്ത്യക്കാരല്ലാത്തവരും പങ്കെടുത്തു. ഇതുവഴി ലഭിച്ച തുക ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കാന്‍സര്‍ രോഗികളെ സഹായിക്കുന്ന  ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു.  ആരോഗ്യമന്ത്രി ഫാഇഖ സഈദ് അസ്സാലിഹിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടന്ന പരിപാടിയില്‍ ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി ഡോ.വലീദ് ഖലീഫ അല്‍ മനീഅ മുഖ്യാതിഥിയായിരുന്നു. 
സര്‍ക്കാര്‍-സര്‍ക്കാറിതര സംഘടനകള്‍ ചേര്‍ന്ന് ആരോഗ്യമേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്ന് ഡോ.വലീദ് ഖലീഫ അല്‍ മനീഅ തന്‍െറ പ്രഭാഷണത്തില്‍ പറഞ്ഞു. 
സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സ്, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍, ബഹ്റൈന്‍ ഒളിമ്പിക്സ് സ്പോര്‍ട്സ് മെഡിസിന്‍, സൈക്യാട്രിക് ഹോസ്പിറ്റല്‍, ബഹ്റൈന്‍ സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍, ദാറുല്‍ ഷിഫ മെഡിക്കല്‍ സെന്‍റര്‍, അല്‍ റാബിയ ഡെന്‍റല്‍ സെന്‍റര്‍, ഇന്‍ടച്ച് സ്പൈന്‍ സെന്‍റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സജീവമായി പങ്കെടുത്തു. 
ട്രാഫിക് ഡയറക്ടറേറ്റ്, സിവില്‍ ഡിഫന്‍സ്, എന്നീ വകുപ്പുകളുടെ സാന്നിധ്യവും സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിലെ പാരാമെഡിക്കല്‍ സ്റ്റാഫിന്‍െറ നേതൃത്വത്തില്‍ ഹൃദയാഘാതം വന്നാല്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടി (സി.പി.ആര്‍) വിശദമാക്കുന്ന ഡെമോണ്‍സ്ട്രേഷനും സംഘടിപ്പിച്ചു. 
ഫാത്തിമ അല്‍ മന്‍സൂരിയുടെ യോഗയെക്കുറിച്ചുള്ള ക്ളാസും ഡെമോണ്‍സ്ട്രേഷനും നടന്നു. നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി ആനന്ദ് പ്രകാശ്, ട്രാഫിക് ഡയറക്ടറേറ്റ് ട്രെയ്നിങ് ആന്‍റ് പബ്ളിക് റിലേഷന്‍സ് അഫയേഴ്സ് ഡയറക്ടര്‍ ഫസ്റ്റ് ലഫ്. ഖുലൂദ് യഹ്യ ഇബ്രാഹിം അബ്ദുല്ല, ഡോ.വി.പി.ഗംഗാധരന്‍, കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രസിഡന്‍റ് ഡോ. പി.വി.ചെറിയാന്‍, ജന.സെക്രട്ടറി കെ.ടി.സലിം, സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സ് നെഫ്രോളജി വിഭാഗം അധ്യക്ഷന്‍ ഡോ.അലി അറാദി, ഡോ.ബേസല്‍ ജാഫര്‍ അല്‍ ഹയകി (നെഫ്രോളജിസ്റ്റ്, കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി), ഡോ. ഫുആദ് ഷന്നാഖ് (നെഫ്രോളജിസ്റ്റ്, റോയല്‍ ബഹ്റൈന്‍ ഹോസ്പിറ്റല്‍), ഡോ.ഫ്രാന്‍സിസ്കോ ചാപ്മാന്‍ (റിഹാബിലിറ്റേഷന്‍ മെഡിസിന്‍ ആന്‍റ്  ബഹ്റൈന്‍ ഒളിമ്പിക്സ്), ഡോ.ലൈല തമീര്‍ (ചീഫ് റെസിഡന്‍റ്, സൈക്യാട്രിക് ഹോസ്പിറ്റല്‍), ഡോ.ഇല്ല്യാസ് ഫാദില്‍ (ഡയറക്ടര്‍, ഓങ്കോളജി സെന്‍റര്‍, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍) എന്നിവര്‍ പങ്കെടുത്തു. 
ഡോ.വി.പി.ഗംഗാധരന്‍ സമാജത്തില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ 30ാളം കാന്‍സര്‍ രോഗികളെ പരിശോധിച്ചു. റിപ്പോര്‍ട്ടുമായത്തെിയ രോഗികളുടെ ബന്ധുക്കള്‍ക്കും അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കി. 
കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് എക്സിക്യൂട്ടിവ് അംഗങ്ങള്‍, ഉപദേശകസമിതി അംഗങ്ങള്‍, സര്‍വീസ്-ലേഡീസ് വിങ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.