മനാമ: ഇൗ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ കുറ്റമറ്റരീതിയിൽ പൂർത്തിയായി വരുന്നതായി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു. ബഹ്റൈനിൽ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ നെടുമ്പാശ്ശേരിയിൽ നിന്നാണ് ഹജ്ജ് യാത്ര പുറപ്പെടുന്നത്. കരിപ്പൂർ എംബാർക്കേഷൻ പോയൻറ് ആക്കി മാറ്റാനുള്ള ശ്രമങ്ങൾ അവസാനം വരെ നടത്തിയിരുന്നു. എന്നാൽ, ഇത്തവണ ഒരുക്കങ്ങളെല്ലാം പൂർത്തിയായത് നെടുമ്പാശ്ശേരി കേന്ദ്രീകരിച്ചാണ്. 2018ൽ കരിപ്പൂർ തന്നെയാകും യാത്ര പുറപ്പെടാനുള്ള സ്ഥലം.
നെടുമ്പാശ്ശേി എംബാർക്കേഷൻ പോയൻറ് ആകുേമ്പാൾ ചില പ്രശ്നങ്ങളുണ്ട്.അതിലൊന്നാമത്തേത് ഹാജിമാരിൽ ഭൂരിഭാഗവും മലബാർ ഭാഗത്തുനിന്നുള്ളവരാണ് എന്നതാണ്. 85ശതമാനവും ആ മേഖലയിൽ നിന്നുള്ളവരാണ്. അവർക്ക് നെടുമ്പാശ്ശേരിയിലെത്താനും മടങ്ങാനും ബുദ്ധിമുട്ടാകും. മറ്റൊന്ന്, ഹാജിമാർക്ക് കരിപ്പൂരിലുള്ള സൗകര്യങ്ങൾ നെടുമ്പാശ്ശേരിയിൽ ഇല്ല എന്നതാണ്. വിശാല സൗകര്യങ്ങളുള്ളതാണ് കരിപ്പൂരിലെ ഹജ്ജ് ഹൗസ്. അവിടെ, 800പേർക്ക് താമസിക്കാനും നമസ്കരിക്കാനുമെല്ലാമുള്ള സൗകര്യമുണ്ട്. ഹജ്ജിനുവേണ്ടി മാത്രം നിർമിച്ചതാണത്. ഇതെല്ലാം പരിഗണിച്ചാണ് കരിപ്പൂരിന് പ്രാമുഖ്യം നൽകണം എന്ന് ആവശ്യപ്പെടുന്നത്.
ഹജ്ജ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത കേന്ദ്രങ്ങളിൽ നാല് പ്രമേയങ്ങൾ നൽകിയിട്ടുണ്ട്. ഇത് പരിഗണിക്കപ്പെടും എന്നുതന്നെയാണ് കരുതുന്നത്.മക്കയിലും മദീനയിലും കാര്യമായ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. തീർഥാടകർ ജിദ്ദയിൽ ഇറങ്ങുന്ന വേളയിൽ തന്നെ സഹായം നൽകാൻ വളണ്ടിയർമാരുണ്ടാകും. ഇക്കാര്യത്തിൽ ജിദ്ദ കോൺസുലേറ്റിെൻറ മികച്ച സഹകരണമാണ് ലഭിക്കുന്നത്. മക്കയിലെ ‘കേയി റുബാത്തി’െൻറ ഉടമസ്ഥതക്കായി ശ്രമങ്ങൾ ശക്തമാക്കും. ഇതിനായി കുടുംബാംഗങ്ങളുമായി സംസാരിക്കും. ഇപ്പോഴത്തെ ഹജ്ജ് സബ്സിഡി പ്രഹസനമാണ്. യഥാർഥത്തിൽ ഹാജിമാർക്ക് ഒരു ആനുകൂല്യവും കിട്ടുന്നില്ല. സബ്സിഡി സമ്പ്രദായം ബ്രിട്ടീഷുകാരുടെ കാലം മുതലുള്ളതാണ്. ഹജ്ജ് സബ്സിഡിക്കായി സമ്മർദം ചെലുത്തേണ്ട കാര്യവുമില്ല. മതനിരപേക്ഷ രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ എല്ലാ വിഭാഗക്കാർക്കും സബ്സിഡികൾ ലഭിക്കുന്നുണ്ട്. സഹായം കൈപ്പറ്റി പൂർത്തിയാക്കേണ്ടതല്ല ഹജ്ജ്. എന്നാൽ, മനസ്സറിഞ്ഞ് ഒരാൾ സഹായം നൽകിയാൽ അത് സ്വീകരിക്കാതിരിക്കേണ്ട കാര്യവുമില്ല.
ഹജ്ജ് ക്വാട്ടയിലെ പരിമിതിയാണ് ഇന്ന് അനുഭവിക്കുന്ന ഒരു വലിയ പ്രശ്നം. ഇന്ത്യയിൽ മൊത്തം അപേക്ഷകരുടെ നാലിലൊന്ന് കേരളത്തിൽ നിന്നാണ്. എന്നിട്ടും വേണ്ടത്ര പേർക്ക് ഹജ്ജ് നിർവഹിക്കാനാകുന്നില്ല. ക്വാട്ട വർധിപ്പിക്കാനുള്ള ശ്രമം ശക്തമാക്കും.
ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കും. മക്ക^മദീന യാത്രക്കായി നല്ല ബസുകൾ ഏർപ്പെടുത്തും.കൂടുതൽ വളണ്ടിയർമാരെ പ്രവാസികളിൽ നിന്ന് കണ്ടെത്തും. മെഡിക്കൽ സംഘത്തിലുള്ളവരും പരമാവധി മലയാളികളാകാൻ ശ്രമിക്കും. ഹാജിമാർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കാനും ശ്രമമുണ്ടാകും. ഉംറ യാത്രയിൽ ട്രാവൽഏജൻസികൾ അനുവർത്തിക്കുന്ന രീതികളെക്കുറിച്ചുള്ള പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇക്കാര്യം ഹജ്ജ് കമ്മിറ്റിയുടെ പരിധിയിൽ വരുന്നതല്ലെങ്കിലും പരാതികൾ ഗൗരവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈത്രി സോഷ്യല്‍ അസോസിയേഷനും വിവിധ മുസ്‌ലിം സംഘടനകളും േചർന്ന് ഇന്നലെ കേരളീയ സമാജത്തില്‍ നൽകിയ പൗരസ്വീകരണത്തിൽ സംബന്ധിക്കാനാണ് ചെയർമാൻ ബഹ്റൈനിലെത്തിയത്.
1992മുതല്‍ കേരള ഹജ്ജ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്നാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അേദ്ദഹം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡൻറ്, മന്നാനിയ്യ ഇസ്‌ലാമിക ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.