ബഹ്റൈന്‍ ഇന്ത്യ വ്യാപാര  ബന്ധത്തില്‍ പുരോഗതി

മനാമ: ന്യൂ ഡല്‍ഹിയില്‍ നടന്ന രണ്ടാമത് ‘ബഹ്റൈന്‍ ഇന്ത്യ’ ഫോറത്തില്‍ ബഹ്റൈന്‍ വ്യവസായ, വാണിജ്യ,ടൂറിസം മന്ത്രി സായിദ് ബിന്‍ റാശിദ് അസ്സയാനി മുഖ്യപ്രഭാഷണം നടത്തി.
 ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസും (ഐ.ഐ.എസ്.എസ്) ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്‍റ് ബോര്‍ഡുമായി (ഇ.ഡി.ബി) ചേര്‍ന്നാണ് 25,26 തിയ്യതികളിലായി പരിപാടി നടത്തിയത്. ലീല പാലസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഗള്‍ഫ്-ദക്ഷിണേഷ്യന്‍ മേഖലയിലെ സവിശേഷമായ സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചയായി. കേന്ദ്ര മന്ത്രി നിര്‍മല സീതരാമന്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. 
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം മന്ത്രി സായിദ് ബിന്‍ റാശിദ് അസ്സയാനി തന്‍െറ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. പോയവര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ 650 ദശലക്ഷം ഡോളറിന്‍െറ വ്യാപാരം നടന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്ക് 507 ദശലക്ഷം ഡോളറിന്‍െറ ഇറക്കുമതിയാണ് നടന്നിട്ടുള്ളത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ ബഹ്റൈനില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകരുമായി 2373 ബഹ്റൈനി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
ഗള്‍ഫിലേക്കുള്ള കവാടമെന്ന നിലക്ക് ബഹ്റൈന്‍െറ വ്യാപാര-വാണിജ്യ പ്രാധാന്യത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്‍െറ കാലത്ത് സുസ്ഥിര വളര്‍ച്ച കൈവരിക്കേണ്ടതിന്‍െറ പ്രാധാന്യത്തെക്കുറിച്ച് ബഹ്റൈന്‍ ഇക്കണോമികസ് ഡെവലപ്മെന്‍റ് ബോര്‍ഡ് ചീഫ് ഇക്കണോമിസ്റ്റ് ഡോ.ജര്‍മോ കോട്ലെയ്ന്‍ സംസാരിച്ചു. പ്രതിസന്ധികള്‍ക്കിടയിലും വികസന പദ്ധതികളില്‍ നിക്ഷേപ തുടര്‍ച്ചയുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ഐ.എസ്.എസ് മേധാവികളും പരിപാടിയില്‍ സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.