മാധ്യമ നിയന്ത്രണത്തിന്  പുതിയ നിയമങ്ങള്‍

മനാമ: ബഹ്റൈനില്‍ മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഇന്‍ഫര്‍മേഷന്‍ ആന്‍റ് പാര്‍ലമെന്‍റ്-ശൂറകൗണ്‍സില്‍ കാര്യമന്ത്രിയും സുപ്രീം ഇന്‍ഫര്‍മേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ഈസ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഹമ്മാദി വ്യക്തമാക്കി. 
2002ലെ പബ്ളിക്കേഷന്‍ നിയമത്തിലേക്ക് പുതിയ നിരവധി അനുബന്ധങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ ശബ്ദവും ദൃശ്യങ്ങളും ചേര്‍ക്കുന്നത് കഴിഞ്ഞ ആഴ്ച നിരോധിച്ചിരുന്നു. ഇതിന് പുറകെയാണ് പുതിയ തീരുമാനം. 
രാജ്യത്തെ എല്ലാ പ്രസിദ്ധീകരണങ്ങളും ബഹ്റൈന്‍ നേതൃത്വത്തെ മാനിക്കുക, നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന വാര്‍ത്തകളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിക്കാതിരിക്കുക, ബഹ്റൈനുമായി നല്ല ബന്ധമുള്ള രാജ്യങ്ങളുടെ നേതൃത്വത്തെ കടന്നാക്രമിക്കുന്ന റിപ്പോര്‍ട്ടുകള്‍ തടയുക, ബഹ്റൈന്‍ വിരുദ്ധ താല്‍പര്യങ്ങളുള്ള റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്താതിരിക്കുക എന്നിവയാണ് പുതിയ നിയമത്തില്‍ അനുശാസിക്കുന്നത്. 
ബഹ്റൈനോ ഏതെങ്കിലും ജി.സി.സി രാജ്യത്തിനോ ബഹ്റൈന്‍െറ സഖ്യരാജ്യത്തിനോ എതിരായി നില്‍ക്കുന്നവരെ ജോലിക്കെടുക്കുന്നതിനും വിലക്കുണ്ട്. വാര്‍ത്തകള്‍ വസ്തുതാപരമായും ഉത്തരവാദിത്തത്തോടെയും റിപ്പോര്‍ട്ട് ചെയ്യണം. പുതിയ നിയമങ്ങള്‍ ലംഘിച്ചാല്‍, നിയമലംഘനത്തിന്‍െറ സ്വഭാവമനുസരിച്ച് താക്കീത് ലഭിക്കുകയും ക്ഷമാപണം നടത്തിയുള്ള കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. 
അല്ളെങ്കില്‍ വാര്‍ത്തയോ ലേഖനമോ മൂലമുണ്ടായ മാനഹാനി പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കും. ചില ഘട്ടങ്ങളില്‍ പ്രസിദ്ധീകരണത്തിന്‍െറ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. 
നിലനില്‍ക്കുന്ന നിയമം വലിയ വിശദീകരണം ആവശ്യമില്ലാതെ തന്നെ മനസിലാക്കാന്‍ പുതിയ അനുബന്ധ നിയമങ്ങള്‍ ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങള്‍ ഇപ്പോള്‍ തയാറാക്കി വരുന്ന മാധ്യമ നിയമത്തിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്യും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.